യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടി

Posted on: October 4, 2016 4:38 am | Last updated: October 3, 2016 at 11:38 pm

ന്യൂഡല്‍ഹി: ആം ആദ്മിയില്‍ നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സ്വരാജ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അതേസമയം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇരുവരും അറിയിച്ചു. ഒരു വര്‍ഷം മുമ്പ് എ എ പിയില്‍ നിന്ന് പുറത്തുപോയ ഇരുവരും ചേര്‍ന്ന് സ്വരാജ് അഭിയാന്‍ എന്ന സംഘടനക്ക് രൂപം നല്‍കിയിരുന്നു.
രാജ്യത്ത് ബദല്‍ രാഷ്ട്രീയം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അറിയിച്ചു. മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്ന് വിഭിന്നമായി എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും, അരവിന്ദ കെജ്‌രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു.