Connect with us

National

പാക് പ്രകോപനം തുടരുന്നു; അതിര്‍ത്തിയില്‍ ഇന്നലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് നാല് തവണ

Published

|

Last Updated

പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍

ഗുരുദാസ്പൂര്‍/പൂഞ്ച്/ന്യൂഡ ല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പൂരിലും ജമ്മു കശ്മീരിലെ പൂഞ്ചിലും പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വടക്കന്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഇന്നലെ ആദ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ചക്രി ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിന് നേരെയൂണ്ടായ വെടിവെപ്പിനിടെ പത്തോളം ആളുകളുടെ നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം നിഷ്ഫലമാക്കി. പുലര്‍ച്ചെ രണ്ടിനാണ് മേഖലയില്‍ വെടിവെപ്പ് ആരംഭിച്ചത്.
അതിനിടെ, ജമ്മുകശ്മീരിലെ പൂഞ്ചില്‍ നാല് തവണയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇന്നലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്. മോര്‍ട്ടാര്‍ ബോംബുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വെടിവെപ്പിലും ഷെല്ലാക്രമണങ്ങളിലും മൂന്ന് സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പൂഞ്ച് ജില്ലയില്‍പ്പെട്ട ഷാപൂര്‍, കൃഷ്ണഗതി, മന്ദി, സബ്‌സിയന്‍ സെക്ടറുകളിലായിരുന്നു പാക് ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു വെടിവെപ്പെന്ന് പ്രതിരോധ വക്താവ് കേണല്‍ മനീഷ് മേത്ത പറഞ്ഞു. ശക്തമായ തിരിച്ചടിയാണ് പാക് സൈന്യത്തിന് നേരെ ഇന്ത്യ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു പൂഞ്ചില്‍ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഹാരൂണ്‍ മാലിക്ക് പറഞ്ഞു.
കഴിഞ്ഞ മാസം 28ന് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് ശേഷം പത്ത് തവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
അതേസമയം, ഞായറാഴ്ച രാത്രി ബാരാമുല്ലയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ആറ് ഭീകരരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഹനീഫ് എന്ന ഹിലാല്‍ (23), അലി (22) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും പാക്കിസ്ഥാന്‍ സ്വദേശികളും മസൂര്‍ അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നുമാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ആക്രമണത്തില്‍ ബി എസ് എഫ് ജവാന്‍ നിതിന്‍ കുമാര്‍ കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണം നടത്തിയ ഭീകരരില്‍ ആരെയും പിടികൂടാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടന്നുവരികയാണ്.

Latest