Connect with us

Articles

മാധ്യമങ്ങള്‍ നയിക്കുന്ന സര്‍ജിക്കല്‍ ഓപറേഷന്‍സ്

Published

|

Last Updated

ഇന്ത്യന്‍ പട്ടാള മേധാവി ലെഫ്. ജനറല്‍ രണ്‍ഭീര്‍ സിംഗും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തിനിടെ

ബി ബി സി റേഡിയോ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ആഴ്ച വിരമിച്ച ഹെലന്‍ ബോഡന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇന്ത്യയിലെ മുഴുവന്‍ പത്രപ്രവര്‍ത്തകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്. ബ്രേക്കിംഗ് ന്യൂസ് എന്ന ലക്ഷ്യത്തിനു വേണ്ടി ഒരു മഹത്തായ പ്രൊഫഷന്‍ എങ്ങനെയൊക്കെയാണ് പത്രപ്രവര്‍ത്തകര്‍ തന്നെ നശിപ്പിക്കുന്നതെന്നും എല്ലാ പരിധികളും വിട്ട് പിടിവലി കൂടുന്നതിന്റെ നിരര്‍ഥകത ഇനിയും തിരിച്ചറിയാന്‍ വൈകിയാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചും അവര്‍ വിശദീകരിക്കുന്നു. സ്ലോ ന്യൂസ് എന്ന ധീരമായ പത്രപ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്താണ് ഹെലന്‍ ബോഡന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
സെപ്തംബര്‍ 29ന് പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ മാധ്യമങ്ങളുടെ ശൈലി ശ്രദ്ധിച്ചപ്പോഴാണ് ഹെലന്‍ ബോഡന്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം തോന്നിയത്. ആവേശം കൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്തുകൂട്ടിയത് ഇന്ത്യയിലെ ഏതെങ്കിലും പൗരനോ രാഷ്ട്രത്തിനു തന്നെയോ ആരോഗ്യകരമായ ഒന്നും സംഭാവന ചെയ്തില്ല എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. ഭാഗ്യവശാല്‍, കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കള്ളപ്പണത്തിന്റെ കണക്ക് വിശദീകരിച്ച് മുന്നോട്ടു വന്നതിനാല്‍ യുദ്ധാഘോഷ വാര്‍ത്തകളില്‍ നിന്ന് ചെറിയ ആശ്വാസം ലഭിക്കുകയുണ്ടായി.
പക്ഷേ, ധനമന്ത്രി കൊണ്ടുവന്ന വലിയ വാര്‍ത്തക്ക് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാക്കിസ്ഥാനുമായി നമ്മള്‍ നടത്തുന്ന യുദ്ധത്തിന്റെ ക്രൈം ത്രില്ലര്‍ സ്‌റ്റോറികള്‍ വീണ്ടും തലക്കെട്ടുകളായി. ആക്രമണം നടന്ന പിറ്റേന്ന്, വെള്ളിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ഫോണില്‍ വിളിച്ചിരുന്നു. ഇന്ത്യ ഈ ആക്രമണം മുന്നോട്ടു കൊണ്ടുപോകുന്നില്ലെന്ന് അറിയിക്കാനായിരുന്നു ആ ഫോണ്‍വിളി. എന്നാല്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ ആവേശം അപ്പോഴും തണുത്തിരുന്നില്ല. നരേന്ദ്ര മോദിയുടെ ഉറപ്പ് കാറ്റില്‍ പറത്തി തൊട്ടടുത്ത ദിവസം പാക്കിസ്ഥാന്‍ ഗര്‍ഭ പാത്രത്തില്‍ നിന്ന് ബംഗ്ലാദേശി ശിശുവിനെ പുറത്തെടുക്കുന്ന ഇന്ത്യയുടെ സിസേറിയന്‍ വൈദഗ്ധ്യം ഓര്‍മപ്പെടുത്തി പ്രതിരോധമന്ത്രി രംഗത്തെത്തി (ദി ഹിന്ദു).
പരീക്കര്‍ സ്വയം ആനന്ദം കണ്ടെത്തിയതായിരിക്കാം. പാക്കിസ്ഥാനുമായുള്ള ഒരു യുദ്ധം എന്നത് അത്ര ചെറിയ ഒരു കാര്യമല്ലല്ലോ. കഴിഞ്ഞ വര്‍ഷം ജൂണില്‍ പരീക്കര്‍ തന്നെ നടത്തിയ പ്രശസ്തമായ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിച്ചാല്‍ പ്രതിരോധമന്ത്രിയുടെ ആവശ്യകത കൂടുതല്‍ ബോധ്യമാകും. യുദ്ധങ്ങളൊന്നും നടക്കാത്തതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പട്ടാളത്തോട് ബഹുമാനം കുരഞ്ഞുവരികയാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞത്. (ഡി എന്‍ എ)
അതിനിടെ, ഇന്ത്യ നടത്തി എന്ന് പറയുന്ന സര്‍ജിക്കല്‍ ഓപറേഷന്‍ ഒരു പ്രഹേളികയായി തുടര്‍ന്നു, യഥാര്‍ഥ ഓപറേഷനെക്കുറിച്ച് സര്‍ക്കാര്‍ വളരെ കുറച്ച് മാത്രമേ ഇതുവരെ പറഞ്ഞുള്ളൂ. ബാക്കി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും വിശദീകരിച്ചതും വിശകലനം ചെയ്തതുമെല്ലാം അവര്‍ സൃഷ്ടിച്ചെടുത്ത കേവലം കഥകള്‍ മാത്രമായിരുന്നു. ഇന്ത്യന്‍ പട്ടാളത്തെക്കുറിച്ചുള്ള രണ്ട് കാര്യങ്ങള്‍ ഇപ്പോഴും ശരിയാണ്. ഒന്ന്, ഒരു യുദ്ധത്തെക്കുറിച്ചും ഒരു സാഹചര്യത്തിലും പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രസ്താവന ഇന്ത്യന്‍ ആര്‍മി നടത്തില്ല. അത്രയും ഗൗരവത്തില്‍ തന്നെയാണ് പട്ടാള മേധാവികള്‍ യുദ്ധത്തെ നോക്കിക്കാണുന്നത്. രണ്ടാമത്തേത്, അത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൃത്യവും സൂക്ഷ്മവുമായിരിക്കും. പാക്കിസ്ഥാന്‍ വിദേശകാര്യ വകുപ്പുമായി ഇത്തരം സന്ദേശങ്ങള്‍ കൈമാറാനും ഇന്ത്യന്‍ ആര്‍മിയിലെ മിലിട്ടറി ഓപറേഷന്‍ ഓഫീസ് പുറത്തുവിട്ട രേഖകള്‍ വായിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്.
സെപ്തംബര്‍ 29ന് ഇന്ത്യന്‍ പട്ടാള മേധാവി ലെഫ്. ജനറല്‍ രണ്‍ഭീര്‍ സിംഗ് നടത്തിയ പത്രസമ്മേളനത്തില്‍ യഥാര്‍ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. നേരത്തെ തയ്യാറാക്കി കൊണ്ടുവന്ന പ്രസ്തുത വാര്‍ത്താ കുറിപ്പ് ഞാനും വായിച്ചു. ചില കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ ഇവിടെയുണ്ട്. സംഭവം കഴിഞ്ഞ ശേഷം ഒരു അമേരിക്കന്‍ നിയമനിര്‍മാതാവോ ഇന്ത്യന്‍ എംബസിയുടെ സ്വാധീനമുള്ള സര്‍ക്കാര്‍ പ്രതിനിധികളോ സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. വെയിലത്തും മഴയത്തുമൊക്കെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏത് ചെറിയ കാര്യത്തോട് പോലും പ്രതികരിക്കുന്ന അമേരിക്ക ഈ മിന്നല്‍ ആക്രമണം നടന്നതായി കരുതുന്നില്ല. യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്ഇന്ത്യക്ക് കൈമാറിയ ബ്രീഫിംഗില്‍ പോലും “സര്‍ജിക്കല്‍ സ്‌ട്രൈക്ക്” പരാമര്‍ശിക്കുന്നില്ല. ഇന്ത്യ തീവ്രവാദത്തിനെതിരെ സ്വീകരിക്കുന്ന നിലപാടിനെയാണ് യു എസ് പിന്തുണച്ചത്. അല്ലാതെ ഇന്ത്യന്‍ മീഡിയ കാണിച്ചത് പോലെ, സര്‍ജിക്കല്‍ ആക്രമണത്തെയല്ല.
ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്ത്യയുടെ മുകളില്‍ അമേരിക്ക തയ്യാറാക്കി വെച്ചിട്ടുള്ള മിലിട്ടറി സാറ്റലൈറ്റുകള്‍ പരിശോധിക്കാമല്ലോ. ഏതു കൂരിരുട്ടിലും ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പോയ മിന്നല്‍ ആക്രമണം ഒപ്പിയെടുക്കാന്‍ തീര്‍ച്ചയായും ഈ സാറ്റലൈറ്റുകള്‍ക്ക് സാധിക്കും. അപ്പോള്‍ യഥാര്‍ഥ ത്തില്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം.
റഷ്യക്ക് ഇതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഇപ്പോഴുണ്ട്. പാക്കിസ്ഥാനില്‍ റഷ്യന്‍ സൈന്യം പരിശീലനം നടത്തുന്നുണ്ട്. എന്നിട്ട് പോലും ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണം റഷ്യയുടെ ഔദ്യോഗിക മാധ്യമ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: അദ്ദേഹം (രണ്‍ഭീര്‍ സിംഗ്) ഇന്ത്യ നടത്തിയ ഓപറേഷന്റെ സ്വഭാവം എങ്ങനെ എന്ന് വിശദീകരിക്കുന്നില്ല. ഇന്ത്യന്‍ പട്ടാളം പാക്കിസ്ഥാനില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നു പോലും അദ്ദേഹം വ്യക്തമാക്കുന്നില്ല.
മോസ്‌കോയില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി മറിയ സക്കരോവയും സര്‍ജിക്കല്‍ ആക്രമണം പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 29ന് അവര്‍ പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍, ഇന്ത്യയോട് പന്ത്രണ്ടിലധികം വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും മിന്നല്‍ ആക്രമണം എന്ന വാക്ക് പോലും പരാമര്‍ശിച്ചില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ വെച്ച് പറഞ്ഞത് ഇതിലും ഞെട്ടിപ്പിക്കുന്നതാണ്. യു എന്‍ മിലിട്ടറി ഒബ്‌സര്‍വര്‍ ഗ്രൂപ്പ് ഇന്ത്യ- പാക് അതിര്‍ത്തിയിലെ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ ഒരു വെടിവെപ്പ് പോലും കണ്ടിട്ടില്ല. സെപ്തംബര്‍ 29ന് നടന്നു എന്ന് പറയുന്ന ആക്രമണം തങ്ങളുടെ നിരീക്ഷണത്തില്‍ കണ്ടിട്ടില്ല എന്നാണ് ബാന്‍ കി മൂണിന്റെ പ്രതിനിധി പോലും ഉറപ്പിച്ചു പറയുന്നത്.
അപ്പോള്‍ പിന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്എവിടെ നിന്നാണ് മിന്നല്‍ ആക്രമണം വാര്‍ത്ത ലഭിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട സംവാദത്തില്‍ പാക്കിസ്ഥാന്‍ വാദങ്ങള്‍ക്കാണ് ഇപ്പോള്‍ മേല്‍ക്കൈ കിട്ടുന്നത് എന്നതുകൂടി തിരിച്ചറിയുമ്പോഴാണ് (ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത് പോലെ) അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയുടെ ആഴം നാം മനസ്സിലാക്കുന്നത്. ഇവിടെയാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ഹെലന്‍ ബോഡന്‍ മുന്നോട്ടുവെച്ച സ്ലോ ന്യൂസ് സംസ്‌കാരത്തിന്റെപ്രസക്തിയും.

(ലേഖകന്‍ ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറാണ്. എഴുത്തുജീവിതം നയിക്കാന്‍ വേണ്ടി 2002ല്‍ മുപ്പതു വര്‍ഷംം നീണ്ടു നിന്ന ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗത്തില്‍ നിന്ന് സ്വയം വിരമിച്ചു. ദി ഹിന്ദു, ഏഷ്യ ടൈംസ് എന്നിവയില്‍ കോളമിസ്റ്റ് ആണ്)
മൊഴിമാറ്റം: യാസര്‍ അറഫാത്ത് നൂറാനി
കടപ്പാട്: റെഡ്ഡിഫ്‌ഡോട്‌കോം

Latest