നാദാപുരത്തെ ജനങ്ങള്‍ അക്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം: സാദിഖലി തങ്ങള്‍

Posted on: October 3, 2016 10:03 pm | Last updated: October 3, 2016 at 10:03 pm

sadiq-ali-thangalദോഹ: നാദാപുരത്തെ ജനങ്ങള്‍ അക്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും മേഖലയുടെ നല്ലഭാവിക്ക് വേണ്ടിയുള്ള ആലോചനകള്‍ രൂപപ്പെടുത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ദിവസം എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പാറക്കല്‍ അബ്ദുദുല്ല എം എല്‍ എക്ക് ഖത്വര്‍ കെ എം സി സി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരത്തെയും കുറ്റിയാടിയിലെയും ജനങ്ങള്‍ അക്രമ രാഷ്ട്രീയത്തിന് എതിരാണ് എന്നതിനുള്ള തെളിവാണ് പാറക്കല്‍ അബ്ദുല്ലയുടെ ഇടത് കോട്ടയിലെ ജയം കാണിക്കുന്നത്. നല്ലൊരു സാമൂഹിക പ്രവര്‍ത്തകന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയതോടെ അത് വോട്ടര്‍മാരില്‍ വലിയ സന്തോഷത്തിന് ഇടയാക്കുകയും അവരുടെ മനസ്സുകള്‍ വിരലുകളെ സ്വാധീനിച്ച്് പാറക്കലിന്റെ വിജയം സുനിശ്ചിതമാക്കുകയുമായിരുന്നു. അക്രമരാഷ്ട്രീയത്തിന് മേഖലയിലെ ഭൂരിപക്ഷം ആളുകളും ജാതിമത ഭേതമന്യേ എതിരാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാദാപുരം മേഖല സമാധാനത്തിലായിരുന്നു. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികരമേറ്റതോടെ മേഖലയില്‍ നിന്ന്് അസമാധാനത്തിന്റെ വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മേഖലയില്‍ സമാധാനം ഉണ്ടാക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തയാറാകണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.