Connect with us

Gulf

ദോഹ സൈക്കിളിംഗിന്റെ ലോക തലസ്ഥാനമാകാന്‍ ദിവസങ്ങള്‍ മാത്രം

Published

|

Last Updated

ദോഹ: സൈക്കിളിംഗിന്റെ ലോക തലസ്ഥാനമാകാന്‍ ദോഹ പൂര്‍ണസജ്ജമായി. മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന യു സി ഐ റോഡ് ലോക ചാംപ്യന്‍ഷിപ്പിന് (ആര്‍ ഡബ്ല്യു സി) ഇനി ആറ് ദിനങ്ങള്‍ മാത്രം. യു സി ഐ റോഡ് ലോക ചാംപ്യന്‍ഷിപ്പ് ദോഹ 2016ന്റെ ബോര്‍ഡ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ അമാനി അസീസ് അല്‍ ദോസരിയാണ് എല്ലാ ഒരുക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ഒമ്പതാം തീയതി മുതല്‍ പതിനാറാം തീയതി വരെയാണ് ചാംപ്യന്‍ഷിപ്പ്.
ദോഹ ഒരിക്കല്‍ കൂടി ലോകത്തിന്റെ കായിക തലസ്ഥാനമാകാന്‍ പോകുകയാണെന്ന് അവര്‍ പറഞ്ഞു. ഏത് വലിയ കായിക പരിപാടിയും ഭംഗിയായി നടത്താന്‍ തങ്ങള്‍ക്ക് കഴിവും പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരിക്കും ലോക ചാംപ്യന്‍ഷിപ്പ്. ഖത്വറിന്റെ ആതിഥേയ സംസ്‌കാരം ഉയര്‍ത്തിക്കാട്ടാനും ആഗോള വിനോദസഞ്ചാര കേന്ദ്രമായി രാജ്യത്തെ അവതരിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണിത്.
വലിയ കായിക മേളകള്‍ക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ, രാജ്യത്തെ സംബന്ധിച്ച ധാരണ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സൈക്കിളിംഗിനെ സ്‌നേഹിക്കുന്നവരുടെ വലിയൊരു സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. പ്രാദേശികമായി ഈ കായികവിനോദത്തോട് സ്‌നേഹവും പ്രിയവുമുണ്ടാകാന്‍ ചാംപ്യന്‍ഷിപ്പ് കാരണമാകും.
2002ല്‍ രാജ്യത്ത് ടൂര്‍ ഓഫ് ഖത്വര്‍ ആരംഭിച്ചപ്പോള്‍ അന്നതിന് വലിയ ജനശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദോഹ കോര്‍ണിഷിലെ സമാപനത്തിന് വലിയ ജനക്കൂട്ടം വരുന്നുണ്ട്. പാര്‍ക്കിലും മറ്റുമായി സൈക്കിള്‍ ഓടിക്കുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചു. സൈക്കിള്‍ താരങ്ങളുടെ വലിയ കൂട്ടായ്മ രാജ്യത്തുണ്ട്. രാജ്യത്തെ മുന്‍നിര കമ്പനികളും സംഘടനകളും സ്ഥാപനങ്ങളും ചാംപ്യന്‍ഷിപ്പിന് പലനിലക്കും പിന്തുണയും സഹായവും നല്‍കുന്നുണ്ട്.
ഖത്വറിനെ പ്രതിനിധാനം ചെയ്യുന്നവരില്‍ 26കാരനായ അഹ്മദ് അല്‍ ബുര്‍ദൈനിയാണ് മുതിര്‍ന്ന താരം. പതിനെട്ടുകാരനായ ജാസിം അല്‍ ജാബ്‌രി, പതിനേഴുകാരനായ ഫര്‍ഹാന്‍ ഫര്‍സി തുടങ്ങിയവരും പങ്കെടുക്കുന്നു. സ്വന്തം രാജ്യത്ത് വലിയൊരു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയാണ്.
ചാംപ്യന്‍മാരുടെ റൈഡ് ഒക്‌ടോബര്‍ 15നാണ്. നാഷനല്‍ എക്‌സിബിഷന്‍ സെന്ററിന്റെ മുന്നില്‍ നിന്ന് രാവിലെ ഏഴിനാണ് ചാംപ്യന്‍മാരുടെ റൈഡ് ആരംഭിക്കുയെന്നും അമാനി അസീസ് അല്‍ ദോസരി അറിയിച്ചു.

---- facebook comment plugin here -----

Latest