വലിയവര്‍ക്കുള്ള ഓഫറുകള്‍

Posted on: October 3, 2016 8:41 am | Last updated: October 3, 2016 at 8:41 am
SHARE

കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ ഏകദേശം 65,250 കോടി രൂപ വെളിച്ചത്ത് വന്നിരിക്കുന്നു. ഇതിന്റെ നികുതിയും പിഴയുമായി 29,362.5 കോടി പൊതുഖജനാവിലേക്ക് ലഭിക്കുമെന്നത് നല്ലത് തന്നെ. പൊതു സ്വത്തിലേക്ക് ഒന്നും ലഭിക്കാതിരിക്കുന്നതിനേക്കാള്‍ എന്തെങ്കിലും കിട്ടുന്നതാണല്ലോ ആശ്വാസം. എന്തെങ്കിലും ചെയ്തു എന്ന് കേന്ദ്ര സര്‍ക്കാറിനും ആശ്വസിക്കാം. എന്നാല്‍ അവിടെ തീരുന്നില്ല കാര്യങ്ങള്‍.
വന്‍കിടക്കാര്‍ നിയമവിധേയമായി കൈപ്പറ്റുന്ന നിരവധി നികുതിയിളവുകളുണ്ട്. അത് നികുതി അവധികളും ടാക്‌സ് ഇന്‍സന്റീവും ആകാം. പ്രത്യേക സാമ്പത്തിക സോണുകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളാകാം. ഹരിതഗൃഹ വ്യവസായത്തിന്റെ പേരിലാകാം. ബജറ്റുകളിലെ എഴുതിത്തള്ളലുകളായി വരാം. ഇങ്ങനെ ടാക്‌സ് അവോയിഡന്‍സിന്റെ വലിയൊരു ഘോഷയാത്ര തന്നെ ഉണ്ട്. പുറമെ നിയമവിരുദ്ധമായ ‘ടാക്‌സ് ഇവേഷന്‍’ ലോഭമില്ലാതെ നടക്കുന്നു. നിറയെ പഴുതുകളാണ് നമ്മുടെ നികുതി വ്യവസ്ഥയില്‍. മറികളും ഒളിനിലങ്ങളും ഒരുപാട് ഉദാരമാണ്. ഉപായങ്ങള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ആളുകള്‍ യഥേഷ്ടം. ആദായ, വില്‍പ്പന നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതിന്റെ പിറ്റേന്ന് വമ്പന്‍ കമ്പനികളുടെ ഉപദേശകരാകുന്നതിന്റെ കള്ളിയും മറ്റൊന്നല്ല. അവര്‍ക്ക് നിയമം അറിയാം. പഴുതുകളറിയാം. ആ പഴുതുകള്‍ക്കുള്ള ശമ്പളമാണ് ഈ സ്ഥാനാരോഹണം. ഇങ്ങനെ നിയമാനുസൃതവും (ടാക്‌സ് അവോയിഡന്‍സ്) നിയമവിരുദ്ധവുമായ (ടാക്‌സ് ഇവേഷന്‍) വഴികളെല്ലാം അവലംഭിച്ചതിനു ശേഷവും ഒടുക്കാത്തതാണ് കള്ളപ്പണമായി മാറ്റുന്നത്. എങ്ങനെ നോക്കിയിട്ടും രക്ഷയില്ലാത്തത്. അതിന് വേണ്ടിയാണിപ്പോള്‍ രാജ്യം കള്ളപ്പണക്കാരുടെ കാല് പിടിക്കുന്നത്.!
‘വെളിപ്പെടുത്തല്‍ പദ്ധതി’യിലൂടെ വലിയ ഗുണകാംക്ഷയാണ് കള്ളപ്പണക്കാരോട് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന വിമര്‍ശം നിസ്സാരമല്ല. രഹസ്യ സ്വഭാവം സൂക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ വ്യക്തികളുടെ പേരോ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് പോലുമോ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. നിയമത്തെ ധിക്കരിച്ച് പണം കടത്തിയവരോടാണ് ഈ സന്മനോഭാവം. എന്തുകൊണ്ട് ഇവരുടെ പേരുകള്‍ സ്വിസ് ബേങ്കുകാരോട് ഉച്ചത്തില്‍ ചോദിക്കാന്‍ നമുക്ക് പറ്റുന്നില്ലെന്നതിന്, വ്യവസ്ഥ ഇവരെ ആശ്രയിക്കുന്നു എന്നാണ് ഉത്തരം. വാഴിക്കുകയും വീഴ്ത്തുകയും ചെയ്യുന്നത് അവരാണല്ലോ. കള്ളപ്പണത്തിന് പരിരക്ഷ നല്‍കുകയും വ്യവസ്ഥാവത്കരിക്കുകയുമാണ് വെളുപ്പിക്കല്‍ പദ്ധതിയിലൂടെ നടക്കുന്നത്. കൃത്യമായി നികുതിയടക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതോടൊപ്പം കള്ളപ്പണത്തെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നികുതിയൊടുക്കേണ്ട; കള്ളപ്പണമായി ഒളിപ്പിക്കൂ, ഓഫര്‍ വരാനുണ്ട്! ഇങ്ങനെ ടാക്‌സ് നെറ്റ് മുറിക്കുകയല്ലേ ചെയ്യുന്നത്.
കള്ളപ്പണം വെളുപ്പിച്ചവരുടെ പേരില്‍ നടപടി ആലോചിക്കുന്നുപോലുമില്ല. എവിടെ നിന്ന് കിട്ടി, ഏത് നിയമവിരുദ്ധ വഴിയില്‍ സമാഹരിച്ചു എന്നന്വേഷിക്കാനോ അത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറല്ല. വളഞ്ഞവഴി അവര്‍ക്ക് മുമ്പില്‍ പിന്നെയും തുറന്നിട്ടിരിക്കുന്നു. സ്രോതസ്സുകള്‍ അടയുന്നില്ല എന്നതിനര്‍ഥം ശേഷവും ഇവര്‍ ‘പണി തുടരും’ എന്നു തന്നെയാണ്. കള്ളപ്പണക്കാരുടെ കൈയില്‍ ഇനിയെത്രയുണ്ടെന്ന് അന്വേഷണവുമില്ല. ഇത്രയുണ്ടെന്ന് പറയുമ്പോള്‍ ‘ശരി ഏമാനേ’ എന്ന് സമ്മതിക്കുന്നു. കള്ളപ്പണക്കാര്‍ക്ക് കുറച്ച് ധനം വെളുപ്പിച്ച് മാന്യരായി നടക്കാനുള്ള അസുലഭ അവസരം കൂടിയാകുന്നു പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ചുരുക്കത്തില്‍ യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നില്ല. 1997ല്‍ പി ചിദംബരം സമാനമായ സ്വമേധയാ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി നടപ്പാക്കിയിരുന്നു. പരിരക്ഷകള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും കള്ളപ്പണം കുന്നുകൂടിയത്. ചൊട്ടുവിദ്യകള്‍ പരിഹാരമാകുന്നില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്.
പണക്കാരനു വേണ്ടി വ്യവസ്ഥാപിത കൊള്ള നടക്കുമ്പോള്‍ സാധാരണക്കാരന്റെ നികുതിയുടെ കാര്യത്തില്‍ അസാമാന്യമായ ജാഗ്രത കാണിക്കാന്‍ ഭരണവര്‍ഗം ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമന്ത്രി സ്വകാര്യ കമ്പനി പരസ്യത്തില്‍ അഭിനയിക്കുന്ന നാട്ടില്‍ സമ്പന്നനോടാണ് ഭരണവര്‍ഗം കടപ്പെട്ടിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. യഥാര്‍ത്തില്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യം അവലംബിക്കേണ്ട പരിഹാരം എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുക എന്നതാണ്. ഇന്ത്യയെപ്പോലെ എന്നിടത്ത് പ്രത്യേക ഊന്നല്‍ വേണം. രാജ്യം വികസിക്കുന്നു എന്ന് പറയുമ്പോള്‍ ആരാണ് വികസിക്കുന്നത് എന്ന ചോദ്യം ഉയരുന്ന നാടാണിത്. ഒരുപിടി ആളുകള്‍ വികസിക്കുന്നു. ഒരു ക്യാന്‍സര്‍ കണക്കെയാണ് വളര്‍ച്ച. ചില ഭാഗങ്ങളില്‍ മാത്രം അമിത വളര്‍ച്ച സംഭവിക്കുന്നു. അങ്ങനെ അസമത്വം കൂടുന്നൂ. ഈയൊരു സാഹചര്യത്തില്‍ കുന്നില്‍ നിന്ന് കുഴിയിലേക്ക് ഒഴുകുക തന്നെ വേണം. ക്ഷേമ രാഷ്ട്രം തത്വമായി അംഗീകരിക്കുന്നിടത്തോളം കാലം നികുതി ഘടന മുറുക്കുകയാണ് പരിഹാരം. ഈ ആത്യന്തിക പരിഹാരം ചെയ്യാത്തതുകൊണ്ടാണ് കള്ളപ്പണക്കാര്‍ക്ക് മുമ്പില്‍ കൈ നീട്ടിയുള്ള ഇരവ് വേണ്ടിവരുന്നത്.
ആത്യന്തികമായി കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി മൊത്തം സംവിധാനത്തിന്റെ കഴിവുകേടാണ് ഉദ്‌ഘോഷിക്കുന്നത്. എല്ലാം ഒരു തണലാകുന്ന കാലത്ത് പൗരന് നിശ്വസിക്കാം; അത്രയും എങ്കിലും ആയല്ലോ. ഇല്ലെങ്കില്‍ അതുമില്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here