26/11: ഭീകരർ എത്തിയ ബോട്ട് പാക് ജുഡീഷ്യൽ കമ്മീഷൻ അടുത്തയാഴ്ച പരിശോധിക്കും

Posted on: October 1, 2016 5:08 pm | Last updated: October 1, 2016 at 5:08 pm

mumbai-attack-2008ലാഹോര്‍: 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന് ഭീകരര്‍ എത്തിയ അല്‍-ഫൗസ് എന്ന ബോട്ട് പാക് ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്തയാഴ്ച പരിശോധിക്കും. ഇതിനായി വ്യാഴാഴ്ച ജുഡീഷ്യല്‍ കമ്മീഷന്‍ അംഗങ്ങള്‍ കറാച്ചിയില്‍ എത്തും.

മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. തീവ്രവാദ വിരുദ്ധ കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്.

മുംബൈ ഭീകരാക്രമണ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ജുഡീഷ്യല്‍ കമ്മീഷനെ ബോട്ട് പരിശോധിക്കാന്‍ അയക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ബോട്ട് കോടതിയില്‍ ഹാജരാക്കുകയെന്നത് അസാധ്യമായതിനാല്‍ ജുഡീഷ്യല്‍ കമ്മീഷനെ അയക്കാന്‍ കോടതി തയ്യാറാകുകയായിരുന്നു.