പാലൂര്‍ക്കോട്ട റോഡില്‍ മാലിന്യം തള്ളി

Posted on: October 1, 2016 12:12 pm | Last updated: October 1, 2016 at 11:56 am

കൊളത്തൂര്‍: റോഡരികില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു. എരുമത്തടം പാലൂര്‍ക്കോട്ട റോഡില്‍ കോഴിയവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഹനത്തില്‍ കൊണ്ടു വന്ന് മാലിന്യ കൂമ്പാരം നിക്ഷേപിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ മാലിന്യം വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളുന്ന ലോബിയുടെ പ്രവര്‍ത്തനം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് പടപ്പറമ്പില്‍ കോഴി മാലിന്യവുമായി വന്ന ലോറി നാട്ടുകാര്‍ പിടികൂടിയത്. ഈ ഭാഗത്ത് മാലിന്യ നിക്ഷേപം രൂക്ഷമായിട്ടുണ്ട്.
പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടരുന്ന കാലത്ത് സാമൂഹിക വിരുദ്ധര്‍ തള്ളുന്ന മാലിന്യ കൂമ്പാരങ്ങള്‍ ഗൗരവമായ വെല്ലുവിളി ഉയര്‍ത്തുന്നു. പക്ഷിമൃഗാദികള്‍ വഴി ഇവ പരിസരത്തുള്ള ജല സ്രോതസ്സുകളില്‍ കലരാന്‍ സാധ്യത ഏറെയാണ്.