മങ്കടക്ക് സ്വന്തം ആപ്പൊരുക്കി സെര്‍നാം

Posted on: October 1, 2016 11:55 am | Last updated: October 1, 2016 at 11:55 am
SHARE

മങ്കട: നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിവിധ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ വളരെ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാനായി മങ്കടക്ക് സ്വന്തം ആപ്പൊരുക്കി സെര്‍നാം. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് രണ്ടാംവര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ സെര്‍നാം കളത്തിങ്ങല്‍ ആണ് ഇത് നിര്‍മിച്ചത്. മങ്കട മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മങ്കട, മക്കരപറമ്പ്, കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട് എന്നീ ഏഴ് പഞ്ചായത്തുകളിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആപ്പില്‍ ഓട്ടോ, ടാക്‌സി, ഗുഡ്‌സ്, കടകള്‍, ജോലിക്കാര്‍, ബേങ്കുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പില്‍ ഉള്‍പെടുത്തിട്ടുണ്ട്. ട്രെയിന്‍ സമയവും ദീര്‍ഘ ദൂര കെ എസ് ആര്‍ ടി സി ബസുകളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്, രക്തം ആവശ്യമുള്ളവര്‍ക്ക് വേഗത്തില്‍ രക്തദാനം നല്‍കുന്നവരുമായി ബന്ധപ്പെടാനും, രക്തദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അംഗമാകാനും ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ 500 ല്‍ കൂടുതല്‍ വിഭാഗങ്ങളിലായി 1500 ല്‍ കൂടുതല്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമായ ആപ്പില്‍ ഏതൊരാള്‍ക്കും ആപ്പില്‍ ഒരുക്കിയിരിക്കുന്ന രജിസ്റ്റര്‍ ഒപ്ഷന്‍ ഉപയോഗിച്ചു കൊണ്ട് പുതിയ വിവരങ്ങള്‍ ആപ്പിലേക്ക് ഉള്‍പ്പെടുത്താം. ലിസ്റ്റിംഗ് ഒ ടിപി സംവിധാനത്തിലൂടെയാണ് സാധ്യമാക്കുന്നത്. ആപ്പ് ആരംഭിച്ചത് മുതല്‍ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫീഡ്ബാക്ക് ഒപ്ഷന്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കാനും പ്രതികരണങ്ങള്‍ അറിയിക്കാനും സൗകര്യമുണ്ട്. കൂടുതല്‍ പുതുമകളോടെ തത്സമയ വാര്‍ത്തകള്‍, എം എല്‍ എയുടെ അറിയിപ്പുകള്‍, പഞ്ചായത്ത് ഓഫീസ്, മങ്കട മണ്ഡലത്തില്‍ പരിശോധന നടത്തുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കൊണ്ട് നവീകരിച്ച പുതിയ ആപ്പ് ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here