മാനന്തവാടി കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപാട് വര്‍ധിക്കുന്നു

Posted on: October 1, 2016 11:23 am | Last updated: October 1, 2016 at 11:23 am

മാനന്തവാടി: മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപ്പാട് വര്‍ദ്ധിക്കുന്നു. നിരവധി പേരാണ് നഗരം കേന്ദ്രീകരിച്ച് ഇടപ്പാടുമായി ബനധപ്പെട്ട് സജീവമായി രംഗത്ത് ഉള്ളത്. വിദേശങ്ങളില്‍ നിന്നും ഹുണ്ടി എന്ന പേരില്‍ സര്‍ക്കാരിനെ വെട്ടിച്ച് അയക്കുന്ന പണം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുക എന്നതാണ് ഈ ഏജന്റുമാരുടെ ജോലി, ഇതിന് ഇവര്‍ക്ക് കൃത്യമായ കമ്മീഷനും ലഭിക്കും. മുമ്പ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലാണ് പ്രധാനമായും ഹുണ്ടി ഇടപാട് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാനന്തവാടി നഗരത്തില്‍ ഇത്തരത്തിലുള്ള സംഘം സജീവമാണ്. മുമ്പ് സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പലരും സ്ഥലം വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ കുഴല്‍പ്പണ ഇടപാടിലേക്ക് തിരിയുകയായിരുന്നു.
നഗരത്തിലെ ചെറുകിട ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകള്‍ നടക്കുന്നതെന്നാണ് പറയപ്പെടുന്നത്.കൂടാതെ ഇത്തരത്തില്‍ എത്തുന്ന പണം നിശ്ചിത ശതമാനം ലാഭം നല്‍കി മറ്റ് വ്യാപാരങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ബേങ്കുകളില്‍ നിന്നും ലേലം ചെയ്യുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ വാങ്ങി മറിച്ച് വിറ്റ് വന്‍ ലാഭം കൊയ്യുന്ന ലോബിയും നഗരത്തിലുണ്ട്. ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നുമായി ഒന്നര കോടിയോളം രൂപ വാങ്ങിയ ശേഷം യുവാവ് മുങ്ങിയതും മാനന്തവാടിയില്‍ സജീവ ചര്‍ച്ച വിഷയമാണ്. എന്നാല്‍ പണം നഷ്ടടപ്പെട്ടവരില്‍ ആരും തന്നെ പരാതി നല്‍കാത്തതും ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.ഇത്തരത്തില്‍ അമിതലാഭം പ്രതീക്ഷിച്ചുള്ള കുഴല്‍പണ ഇടപാടുകളും സ്വര്‍ണ കച്ചവടവുമെല്ലാം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.