രാജ്യ വികസനത്തിന് വനിതകളുടെ പങ്ക് നിര്‍ണായകം: മന്ത്രി ശമ്മ അല്‍ മസ്‌റൂഇ

Posted on: September 30, 2016 10:15 pm | Last updated: September 30, 2016 at 10:15 pm
 യൂത്ത് സര്‍ക്കിളില്‍ ഡി ഡബ്ല്യു ഇ ചെയര്‍പേഴ്‌സണ്‍ മോന ഗാനിം അല്‍ മര്‍റി സംസാരിക്കുന്നു.  യു എ ഇ യുവജനക്ഷേമ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ സമീപം.
യൂത്ത് സര്‍ക്കിളില്‍ ഡി ഡബ്ല്യു ഇ ചെയര്‍പേഴ്‌സണ്‍ മോന ഗാനിം അല്‍ മര്‍റി സംസാരിക്കുന്നു.
യു എ ഇ യുവജനക്ഷേമ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ സമീപം.

ദുബൈ: രാജ്യത്തിന്റെ വികസനത്തിന് ഇമാറാത്തി വനിതകളുടെ പങ്ക് നിര്‍ണായകമാണെന്ന് യു എ ഇ യുവജനക്ഷേമ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ. ‘ഇമാറാത്തി വനിതകളും തൊഴിലിടവും’ എന്ന വിഷയത്തില്‍ എമിറേറ്റ്‌സ് യൂത്ത് കൗണ്‍സിലുമായി ചേര്‍ന്ന് ദുബൈ വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി ഡബ്ല്യു ഇ) സംഘടിപ്പിച്ച യൂത്ത് സര്‍ക്കിളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യു എ ഇ ഭരണനേതൃത്വത്തിന്റെ പ്രോത്സാഹനാപൂര്‍വമായ പിന്തുണയില്‍ വിവിധ മേഖലകളില്‍ തിളങ്ങാന്‍ രാജ്യത്തെ വനിതകള്‍ക്കായിട്ടുണ്ട്. നല്ല കഴിവും ഉത്തരവാദിത്വ ബോധവുമുള്ളവരാണ് യു എ ഇ യുവത എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ ഉന്നമനത്തിനായി കഴിവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കെല്‍പുള്ളവരാണ് രാജ്യത്തെ യുവതലമുറയെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭാവി പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളില്‍ യുവസമൂഹത്തെ സജീവ പങ്കാളികളാകുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് എമിറേറ്റ്‌സ് യൂത്ത്കൗണ്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യൂത്ത് സര്‍ക്കിളുകള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.
ദേശീയ ഐക്യം, നൂതനാശയങ്ങള്‍, സംരംഭകത്വം, പ്രാദേശിക പ്രവര്‍ത്തനം, സന്തുഷ്ടി, സ്ഥിരത, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, സാങ്കേതികം എന്നിവയാണ് യൂത്ത് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. വികസനത്തിനായി രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികളില്‍ യുവസമൂഹത്തിന്റെ നിര്‍ദേശം ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു.
വികസന പ്രക്രിയയില്‍ യു എ ഇ യൗവനത്തിന്റെ സംഭാവനകളെ മെച്ചപ്പെടുത്താനും ആവശ്യമായ പരിശീലനം നല്‍കാനും തയ്യാറാണെന്ന് ദുബൈ വുമണ്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ മോന ഗാനിം അല്‍ മര്‍റി പറഞ്ഞു. തൊഴിലിടങ്ങളില്‍ ഇമാറാത്തി യുവതയുടെ കഴിവും പുരോഗതിയും വളര്‍ത്തിയെടുക്കുന്നതിനായി എല്ലാ സഹായവും നല്‍കുമെന്ന് മോന അല്‍ മര്‍റി വ്യക്തമാക്കി. യൂത്ത് കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കരിയറിലേക്ക് എത്തുന്നതിന് മുമ്പ് യു എ ഇ യുവതികള്‍ അഭിമുഖീകരിക്കുന്നതിനെകുറിച്ച് നടന്ന ചര്‍ച്ച ദുബൈ വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഹിസ്സ തഹ്‌ലക് നിയന്ത്രിച്ചു. സാമൂഹിക മേഖലയില്‍ ഇമാറാത്തി വനിതകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നിനായി പ്രവര്‍ത്തിക്കുന്ന ദുബൈ വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്, യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പത്‌നി ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.