ആര്‍ എസ് എസിനെതിരായ പോരാട്ടത്തില്‍ അഭിമാനം: രാഹുല്‍

Posted on: September 30, 2016 6:19 am | Last updated: September 29, 2016 at 11:21 pm
SHARE

ന്യൂഡല്‍ഹി: ഗാന്ധി വധമുള്‍പ്പെടെയുള്ള കാര്യത്തില്‍ ആര്‍ എസ് എസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും ആര്‍ എസ് എസിനെതിരായ പോരാട്ടം തുടരുന്നതില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തവെ അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് നല്‍കിയ കേസില്‍ വാദം കേള്‍ക്കുന്നതിന് കോടതിയിലെത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോ ഉത്തര്‍ പ്രദേശില്‍ നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗാന്ധി ഗുവാഹത്തിയിലെ കോടതിയില്‍ ഹാജരായത്.
പാവങ്ങള്‍ക്കും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും അര്‍ഹരായിട്ടും തൊഴില്‍രഹിതരായി നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്കും വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും എന്നാല്‍ ബി ജെ പി സര്‍ക്കാറും, ആര്‍ എസ് എസും നിലകൊള്ളുന്നത് പത്തോ പതിനഞ്ചോ ആളുകള്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
2015 ഡിസംബറില്‍ റോഡ് ഷോക്കിടെ അസമിലെ ബാര്‍പെത ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ ഒരു സംഘം സ്ത്രീ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന രാഹുലിന്റെ ആരോപണത്തിനെതിരെ ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ വാദം കേള്‍ക്കുന്നതിനാണ് രാഹുല്‍ ഇന്നലെ കോടതിയിലെത്തിയത്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ നടപടി ലജ്ജാകരമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.