അതിര്‍ത്തി കടന്ന് ഇന്ത്യ കണക്ക് തീര്‍ത്തു; തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 30 ഭീകരര്‍

Posted on: September 29, 2016 5:31 pm | Last updated: September 29, 2016 at 11:05 pm

indian-army

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ വരെ ആക്രമണം നീണ്ടതായാണ് വിവരം. ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും കനത്ത ആഘാതമേല്‍പ്പിക്കാനായെന്ന് ഡിജിഎംഒ ലഫ്: ജനറല്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുത്ത ഭീകരരെ ഒഴിപ്പിക്കുന്നതിനാണ് ആക്രമണം നടത്തിയത്. ഒരു ഭീകരനെപ്പോലും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല. പാക്ക് ഭീകരരുടെ ഇരുപതോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യ തകര്‍ത്തത്.

പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനം ഇനി അനുവദിക്കാനാവില്ല. പാക് സൈന്യം ഇന്ത്യയുമായി സഹകരിക്കില്ല. ഇന്ത്യ പലതവണ അഭ്യര്‍ഥിച്ചിട്ടും ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വലിയ ആശങ്കകള്‍ക്ക് ഇടയാക്കുന്നത്. പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും സിംഗ് പറഞ്ഞു.

പാക്ക് ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പി നല്‍കി. 38 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭാഗത്ത് നിന്ന് നാശനഷ്ടങ്ങളൊന്നുമില്ല.
കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. നിയന്ത്രണ രേഖയില്‍ നിന്ന് മൂന്ന് കിലോമീറ്ററുകളോളം ഇന്ത്യന്‍ സൈന്യം ഉള്ളില്‍ കടന്നാണ് ആക്രമണം നടത്തിയത്. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി,ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്,ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമുള്ളതായാണ് സൂചന. പൈലറ്റില്ലാത്ത വിമാനങ്ങളാണ് ആക്രമണത്തിന്റെ വീഡിയോ ശേഖരിച്ചിരിച്ചിരിക്കുന്നതെന്നാണ് വിവരം.