മദ്യനയത്തില്‍ പൊളിച്ചെഴുത്ത്

Posted on: September 29, 2016 8:37 am | Last updated: September 29, 2016 at 8:37 am
SHARE

liquarതിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തില്‍ പിണറായി സര്‍ക്കാര്‍ പൊളിച്ചെഴുത്ത് തുടങ്ങി. ആദ്യപടിയായി, വര്‍ഷം തോറും പത്ത് ശതമാനം മദ്യശാ ലകള്‍ പൂട്ടാനുള്ള മുന്‍ സര്‍ക്കാറിന്റെ തീരുമാനം എല്‍ ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യഷോപ്പുകള്‍ക്കടക്കം തീരുമാനം ബാധകമാണ്. പുതിയ മദ്യനയം വരുംവരെ നിലവിലെ സ്ഥിതി തുടരാനാണ് ധാരണ. ഇതോടെ, ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പത്ത് ശതമാനം മദ്യശാലകള്‍ പൂട്ടണമെന്ന തീരുമാനം ഇല്ലാതാകുമെന്ന് ഉറപ്പായി. ഈ വര്‍ഷം 39 മദ്യശാലകളാണ് പൂട്ടേണ്ടിയിരുന്നത്. കഴിഞ്ഞ ഗാന്ധിജയന്തിക്ക് പത്ത് ശതമാനം മദ്യശാലകള്‍ പൂട്ടിയിരുന്നു. ബിവറേജസിന്റെ 52 ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഉം ബിവറേജസ് കോര്‍പറേഷന്റെ 270 ഉം മദ്യശാലകളാണ് ഇനി അവശേഷിക്കുന്നത്.
അതേസമയം, മദ്യവര്‍ജനമാണ്, മദ്യനിരോധമല്ല എല്‍ ഡി എഫ് നയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്നലെയും നിയമസഭയില്‍ വ്യക്തമാക്കി. മദ്യ ഉപഭോഗത്തിന്റെ ആളോഹരിയില്‍ തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളെക്കാള്‍ കേരളം പിന്നിലാണ്. 3.34 കോടി ജനങ്ങള്‍ക്ക് 306 ഔട്ട്‌ലെറ്റുള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ ഏഴ് കോടിക്ക് ആറായിരം ഔട്ട്‌ലെറ്റുകളും കര്‍ണാടകയില്‍ ആറ് കോടിക്ക് 8734ഉം ആന്ധ്രയില്‍ എട്ട് കോടിക്ക് 6505ഉം ഔട്ട്‌ലെട്ടുകളുണ്ട്. ഇതര സംസ്ഥാനങ്ങളിലെ അവസ്ഥകള്‍ കൂടി പരിശോധിച്ചായിരിക്കും മദ്യനയം രൂപവത്കരിക്കുകയെന്നും മുല്ലക്കര രത്‌നാകരനെ മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സംബന്ധിച്ച പദ്ധതികളൊന്നും സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഗീതാ ഗോപിയെ ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
മദ്യക്കടത്തും ലഹരിവസ്തുക്കളുടെ കടത്തും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കും. നിലവിലെ സി സി ടി വി സംവിധാനം ഇതിന് ഫലപ്രദമല്ല. ലോറികളില്‍ കടത്തുന്ന ചരക്കുകളുടെ ഉള്ളില്‍ എന്താണെന്ന് അറിയാന്‍ കഴിയുന്ന സ്‌കാനര്‍ ഇതിനായി സ്ഥാപിക്കും. ഏതെങ്കിലും ഒരു ചെക്ക്‌പോസ്റ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ കെ ബാബുവിന്റെ ചോദ്യത്തിന് മറുപടി നല്‍ കി. എക്‌സൈസിനെ ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് വീണാ ജോര്‍ജിനെ അറിയിച്ചു.
സംസ്ഥാനത്ത് നിലവിലുള്ള മദ്യനയം നടപ്പിലാക്കിയ ശേഷം എക്‌സൈസ് വകുപ്പ് കണ്ടെടുക്കുന്ന എന്‍ ഡി പി എസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് എം എം മണിയുടെ ചോദ്യത്തിന് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി പറഞ്ഞു. 2013 ല്‍ 793 കേസും 2014 ല്‍ 970 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റ് വരെ 1789 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 947 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാന്‍മസാല വില്‍പ്പനയുമായി ബന്ധപ്പെട്ട് കോട്പാ ആക്ട് പ്രകാരം 3448 ആളുകള്‍ക്കെതിരെ എക്‌സൈസ് നിയമ നടപടി സ്വീകരിച്ചു. സ്‌കൂള്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെ 231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here