സ്വാശ്രയം വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും മധ്യേ

Posted on: September 29, 2016 6:00 am | Last updated: September 28, 2016 at 11:53 pm
SHARE

SIRAJഒരിടവേളക്ക് ശേഷം സ്വാശ്രയം വീണ്ടും സജീവ ചര്‍ച്ചാവിഷയമാകുകയാണ്. യൂത്ത് കോണ്‍ഗ്രസ് തുടങ്ങി യു ഡി എഫ് ഏറ്റെടുത്ത സമരം നിയമസഭക്കുള്ളില്‍ മൂന്ന് യുവസാമാജികരുടെ നിരാഹാര സമരത്തില്‍ എത്തി നില്‍ക്കുന്നു. യു ഡി എഫിന് യോജിപ്പില്ലാതിരുന്ന ഹര്‍ത്താല്‍ എന്ന സമര മുറക്ക് പോലും ഇതിന്റെ പേരില്‍ അവര്‍ തയ്യാറായി. ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചു എന്നതാണ് പ്രതിപക്ഷ സമരത്തിന് ആധാരം. ഫീസ് അല്‍പ്പം കൂടിയെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെറിറ്റ് സീറ്റുകളുടെ എണ്ണം കൂടിയെന്ന മറുവാദം സര്‍ക്കാറിന്റെ പ്രതിരോധവും. സുതാര്യമായി അലോട്ട്‌മെന്റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കെ കേരളത്തിലെ മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിനും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും ആശ്വാസം നല്‍കുന്ന തീര്‍പ്പാണിത്. നിയമസംവിധാനത്തിന്റെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് അവസരം ലഭിച്ചുകഴിഞ്ഞു. ഫീസ് കുറക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിലെ സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അതിന്റെ തുടക്ക കാലത്തോളം തന്നെ പഴക്കമുണ്ട്. രണ്ട് സ്വാശ്രയ കോളജ് തുല്യം ഒരു സര്‍ക്കാര്‍ കോളജ് എന്ന നയം മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നത്. അവര്‍ എന്നെ ചതിച്ചുവെന്ന് മാനേജ്‌മെന്റുകളെ കുറിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് പറയേണ്ടി വന്നതും ചരിത്രം. സ്വാശ്രയ കോളജുകളെ ശക്തമായി എതിര്‍ത്തിരുന്ന ഇടതുപക്ഷം തന്നെ പിന്നീട് കോളജുകള്‍ തുടങ്ങുന്ന സാഹചര്യവും കേരളത്തിലുണ്ടായി. പ്രവേശവും ഫീസും സംബന്ധിച്ച തര്‍ക്കവും എല്ലാകാലത്തുമുണ്ടായി. നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമം പോലും പരാജയപ്പെട്ടു. ഓരോ വര്‍ഷവും ചര്‍ച്ചകളിലൂടെ മാനേജ്‌മെന്റും സര്‍ക്കാറും കരാറില്‍ ഏര്‍പ്പെടുകയെന്ന സംവിധാനത്തിലേക്ക് പിന്നീട് എത്തിച്ചേരുകയായിരുന്നു.
ഓരോ കാലത്തും സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കിയും അല്ലാതെയും പ്രവേശം നടത്തുന്ന കോളജുകള്‍ കേരളത്തിലുണ്ട്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളജുകള്‍ മുന്‍സര്‍ക്കാറിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടെങ്കിലും ഏകീകൃത ഫീസ് എന്ന സംവിധാനമാണ് തുടക്ക കാലം മുതല്‍ നടപ്പാക്കുന്നത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിടുന്ന കോളജുകളില്‍ തന്നെ പല തലങ്ങളിലുള്ള ഫീസ് ഘടനയാണ് നിശ്ചയിച്ചിരുന്നത്. മെറിറ്റ് സീറ്റില്‍ തന്നെ പലതരം ഫീസായിരുന്നു. പുറമെ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന രീതിയും പല കോളജുകളും നടപ്പാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കരാര്‍ അനുസരിച്ച് 50 മെറിറ്റ് സീറ്റുകളില്‍ ഏഴ് എണ്ണത്തില്‍ ബി പി എല്‍, എസ് ഇ ബി സി വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയായിരുന്നു ഫീസ്. ബാക്കി വരുന്ന മെറിറ്റ് സീറ്റില്‍ 1.85 ലക്ഷം രൂപയും. ഇതാണ് ഇത്തവണ 2.5 ലക്ഷം രൂപയായി വര്‍ധിച്ചത്. 65,000 രൂപയുടെ ഈ വര്‍ധന കാണാതിരിക്കാന്‍ കഴിയില്ല. മുന്‍ വര്‍ഷങ്ങളിലെല്ലാം പത്ത് ശതമാനം എന്ന തോതില്‍ മാത്രം വര്‍ധിച്ച ഫീസ് ഇത്തവണ ഏതാണ്ട് 30 ശതമാനം വര്‍ധിച്ചു. ഇതിന് പുറമെ 35 മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞവര്‍ഷം 8.5 ലക്ഷം രൂപ ഈടാക്കിയത് ഇത്തവണ രണ്ടര ലക്ഷം രൂപ വര്‍ധിപ്പിച്ച് 11 ലക്ഷമാക്കിയിട്ടുണ്ട്. 12 ലക്ഷമുണ്ടായിരുന്ന എന്‍ ആര്‍ ഐ സീറ്റില്‍ 15 ലക്ഷവുമാക്കി. കഴിഞ്ഞ വര്‍ഷം മെറിറ്റ് സീറ്റില്‍ 1.85 ലക്ഷം രൂപയായിരുന്ന ഫീസില്‍ പത്ത് ശതമാനം വര്‍ധനവ് വരുത്തുകയെന്ന നയം തുടര്‍ന്നാല്‍ ഈ വര്‍ഷം അത് രണ്ട് ലക്ഷം കടക്കുമായിരുന്നു.
ഇതാണ് സാഹചര്യമെങ്കിലും മെറിറ്റ് സീറ്റുകളുടെ എണ്ണം കൂടിയെന്ന സര്‍ക്കാര്‍ വാദത്തിലും കഴമ്പുണ്ട്. കഴിഞ്ഞ വര്‍ഷം 23 കോളജുകളില്‍ 13 കോളജുകള്‍ മാത്രമാണ് കരാറിന് തയ്യാറായിരുന്നത്. കരാറുണ്ടാക്കാത്ത കോളജുകളില്‍ അഞ്ച് ലക്ഷം രൂപ വരെ ഫീസ് വാങ്ങിയിരുന്നു. ഇത്തവണ 20 കോളജുകള്‍ ധാരണക്ക് വന്നിട്ടുണ്ട്. ഇതിലൂടെ 25,000 രൂപക്ക് പഠിക്കാന്‍ അവസരമുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 294 ആയിരുന്നത് 449 ആയി ഉയര്‍ന്നു. 154 കുട്ടികള്‍ക്കുകൂടി ഈ ആനുകൂല്യം കിട്ടുന്നുവെന്ന് ചുരുക്കം. പുതുതായി കരാറിലേക്ക് വന്ന കോളജുകളില്‍ ഫീസ് കുറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ട കോളജുകളില്‍ വലിയ തോതില്‍ ഫീസ് കൂടുകയും ചെയ്തു. മെറിറ്റ് സീറ്റ് കൂടിയെന്നത് ന്യായമെങ്കിലും ഫീസ് വര്‍ധിച്ചിട്ടുണ്ടെന്ന വസ്തുത കാണാതിരിക്കാന്‍ കഴിയുകയുമില്ല.
മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശത്തിന് നീറ്റ് മെറിറ്റ് ബാധകമാക്കിയതിലൂടെ തലവരി പണം വാങ്ങുന്നതിനുള്ള അവസരം ഇല്ലാതായെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം. മാനേജ്‌മെന്റുകള്‍ ഇങ്ങനെ തലവരി പണം വാങ്ങുന്നില്ലെന്ന് പ്രായോഗിക തലത്തില്‍ ഉറപ്പ് വരുത്തുമ്പോള്‍ മാത്രമേ ഈ വാദത്തിന് പ്രസക്തിയുള്ളൂ. ജയിംസ് കമ്മറ്റിയുടെ കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here