ബിസിസിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; നേതൃത്വം മാറണമെന്ന് ലോധ കമ്മിറ്റി

Posted on: September 28, 2016 1:27 pm | Last updated: September 28, 2016 at 6:34 pm

sc-bcci-mainന്യൂഡല്‍ഹി: ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ബിസിസിഐക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. കോടതി നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ബിസിസിഐയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി, തങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണ് ബിസിസിഐക്കെന്നും വിമര്‍ശിച്ചു. ലോധ കമ്മിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പരാമര്‍ശം. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് ലോധ കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങള്‍ മാത്രം മതിയെന്നാണ് ലോധ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളിക്കളിഞ്ഞ ബിസിസിഐ അഞ്ച് പേരെ ഉള്‍പ്പെടുത്തി സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകനം മാത്രമെ ജനറല്‍ ബോഡിയില്‍ ഉണ്ടാകാവൂവെന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശവും ബിസിസിഐ മുഖവിലക്കെടുത്തില്ല. ഈ സാഹചര്യത്തിലണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്രിക്കറ്റിനെ അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സുപ്രീം കോടതിയാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചത്.