പ്രധാനമന്ത്രിക്ക് നേരെ വ്യാജബോംബ് ഭീഷണി: അന്വേഷണം ഊര്‍ജ്ജിതമാക്കി

Posted on: September 28, 2016 11:19 am | Last updated: September 28, 2016 at 11:19 am

BOMBകോഴിക്കോട്: ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വ്യാജബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹുണ്ടി കോള്‍(ഇന്റര്‍നെറ്റ് വഴി വിളിക്കാവുന്ന സംവിധാനം) സംവിധാനം ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളുടെ സിം ഉപയോഗിച്ചാണ് ഭീഷണി സന്ദേശം വന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിംകാര്‍ഡ് ഉടമയെ സംബന്ധിച്ചും ഇന്റര്‍നെറ്റ് കോള്‍ സംബന്ധിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.സന്ദേശം വ്യാജമാണെങ്കിലും വിഷയം ഗൗരവത്തിലെടുത്ത സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം വന്നത്. പാക്കിസ്ഥാനില്‍ നിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയില്‍ പറഞ്ഞ് തുടങ്ങിയ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ വേദികളിലെല്ലാം കര്‍ശന പരിശോധനയാണ് പോലീസ് നടത്തിയിരുന്നത്. വേദികളിലെല്ലാം പോലീസും ഡല്‍ഹില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വപ്‌ന നഗരിയിലെ കെട്ടുവള്ളത്തിന്റെ മാതൃകയില്‍ തീര്‍ത്ത വേദി പോലും എസ് പി ജി ഉദ്യോഗസ്ഥര്‍ അവസാന നിമിഷം പൊളിച്ചുമാറ്റിയിരുന്നു. പൊതുസമ്മേളനം നടന്ന കടപ്പുറത്തും, സ്വപ്‌ന നഗരയിലെ സമ്മേളന സ്ഥലത്തും സുരക്ഷാ ഏജന്‍സികള്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാവാതെ പോയതോടെ ഭീഷണി സന്ദേശം വ്യാജമെന്ന് വ്യക്തമാവുകയായിരുന്നു. എങ്കിലും ഭീഷണിസന്ദേശം സംബന്ധിച്ച് വിവരം പുറത്തറിയിക്കാതിരുന്ന പോലീസ് ദേശീയ കൗണ്‍സില്‍ കഴിഞ്ഞശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.