Connect with us

International

മൃഗവേട്ടയില്‍ മുമ്പില്‍ ഏഷ്യന്‍ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

വാഷിംഗ്ടണ്‍: ലോകത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി അവയുടെ തോലുകളും കൊമ്പുകളും വില്‍പ്പന നടത്തുന്നതും കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മൃഗങ്ങളെ കൊന്നൊടുക്കുന്നതില്‍ അന്തരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. കടുവ, ആന തുടങ്ങിയ ജീവകളെയും വംശനാശം നേരിടുന്ന പതിനായിരക്കണക്കിന് ജീവികളെയും ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ വേട്ടയാടി കൊല്ലുകയാണ്.
ദക്ഷിണാഫ്രിക്കയിലും ചൈനയിലും തായ്‌ലാന്‍ഡിലെ മാര്‍ക്കറ്റുകളിലും ഇത്തരം വ്യപാരം നടത്തുന്ന ക്രിമിനലുകളെ തിരിച്ചറിഞ്ഞുണ്ട്. ഈ രാജ്യങ്ങളില്‍ മരുന്നുകളില്‍ ഈ ജീവികളുടെ ഭാഗങ്ങള്‍ കൂട്ടുന്നുണ്ടെന്നും ഇത് സംബന്ധിച്ച് പഠിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഗാര്‍ഡിയന്‍ പത്രപ്രതിനിധികള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ വിശദമായി പഠനം നടത്തിയിരുന്നു. തായ്‌ലാന്‍ഡ് സര്‍ക്കാറും മൃഗങ്ങളെ വേട്ടയാടുന്നതിനെതിരെ പ്രതികരിക്കുന്ന സംഘടനകളും നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അന്തരാഷ്ട്രതലത്തില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ ഫലപ്രദമായ നീക്കങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം വ്യാപാരങ്ങള്‍ തടയാന്‍ സാധിക്കുന്നില്ല. ഇത്തരം വ്യാപാരങ്ങള്‍ പ്രാദേശികമായി രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ വില്‍പ്പന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വ്യാപാരങ്ങളില്‍ നാലാം സ്ഥാനത്ത് മൃഗക്കടത്തുണ്ട്. മനുഷ്യ, ആയുധക്കടത്താണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു വര്‍ഷം 23 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരങ്ങള്‍ മൃഗക്കടത്ത് വ്യാപാരത്തില്‍ നടത്തുന്നുണ്ട്. വംശനാശം നേരിടുന്ന പല ജീവികളെയും വേട്ടയാടി അവയെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ഇത്തരം സംഘങ്ങള്‍ ശ്രമിക്കുകയാണ്. നാല് ദശകങ്ങള്‍ക്ക് മുമ്പ് 30,000 കണ്ടാമൃഗങ്ങള്‍ ലോകത്ത് ഉണ്ടായിരുന്നു. എന്നാല്‍, ആയിരക്കണക്കിന് കണ്ടാമൃഗങ്ങളെയാണ് ഓരോ വര്‍ഷവും ഇത്തരം സംഘങ്ങള്‍ കൊല്ലുന്നത്.
കൊമ്പുകള്‍ക്ക് വേണ്ടി മാത്രം 20,000 ആനകളെ കഴിഞ്ഞ വര്‍ഷം മാത്രം കൊന്നിട്ടുണ്ട്. കടുവകളെയും ഇത്തരത്തില്‍ കൊന്നൊടുക്കി. ലോകത്ത് കാട്ടില്‍ 3500 കടുവകള്‍ മാത്രമാണുള്ളത്. കൃഷ്ണമൃഗം, ഈനാംപേച്ചി, മലമ്പാമ്പ്, ആമ, പക്ഷികള്‍ തുടങ്ങി ചെറുജീവികളെയും ഇത്തരത്തില്‍ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരം അനധികൃത വ്യാപാരങ്ങള്‍ വര്‍ധിച്ചതായി സ്വതന്ത്രമായി അന്വേഷിച്ച് പുറത്തുവിട്ട കണക്കില്‍ പറയുന്നു.