ഉച്ചവിശ്രമം: ദുബൈയില്‍ ഭൂരിഭാഗം കമ്പനികളും നടപ്പാക്കി; പരിശോധനയില്‍ കുടുങ്ങിയത് 19 കമ്പനികള്‍

Posted on: September 27, 2016 3:12 pm | Last updated: September 27, 2016 at 3:12 pm
SHARE

ദുബൈ: രാജ്യത്തെ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ദുബൈയില്‍ ഭൂരിഭാഗം കമ്പനികളും നടപ്പാക്കി. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം, തുറസായ സ്ഥലത്ത് തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചവിശ്രമം നല്‍കണമെന്ന് ഉത്തരവിറക്കിയത്. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ വെയിലത്ത് ജോലി ചെയ്യിക്കരുതെന്നായിരുന്നു കമ്പനികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.
ദുബൈയില്‍ 54,584 കമ്പനികളിലാണ് പരിശോധന നടത്തിയതെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് ഉപ മേധാവിയും തൊഴിലാളി ക്ഷേമ സ്ഥിരം കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ സുറൂര്‍ അറിയിച്ചു. ഇതില്‍ വെറും 19 കമ്പനികള്‍ മാത്രമാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.
നിയമത്തിന്റെ ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ബര്‍ ദുബൈ, ദേര എന്നിവിടങ്ങളിലെ 188 പ്രദേശങ്ങളിലാണ് തൊഴിലാളി ക്ഷേമ സ്ഥിരം കമ്മിറ്റി നേരിട്ട് പരിശോധന നടത്തിയത്. ചില കമ്പനികളില്‍ ഉദ്യോഗസ്ഥര്‍ 722 തവണ വീണ്ടും പരിശോധന നടത്തി.
ദുബൈ തൊഴിലാളി ക്ഷേമ സ്ഥിരം കമ്മിറ്റി, മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം, ദുബൈ നഗരസഭ സംയുക്ത സംഘത്തില്‍ 24 ഇന്‍സ്‌പെക്ടര്‍മാരാണ് പരിശോധന നടത്തിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് കടുത്ത പിഴയാണ് ഏര്‍പെടുത്തിയിരുന്നത്. ഉച്ച വിശ്രമ സമയത്ത് ഒരു തൊഴിലാളിയെ ജോലി ചെയ്യിപ്പിച്ചാല്‍ 5,000 ദിര്‍ഹമായിരുന്നു പിഴ.
കൂടുതല്‍ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും കമ്പനിയെ തരംതാഴ്ത്തുന്നതിനും താത്കാലികമായി പ്രവര്‍ത്തനാനുമതി തടയുന്നതിനും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിര്‍ത്തിവെക്കാന്‍ പറ്റാത്ത തരത്തിലുള്ള ജോലികള്‍ക്ക് തൊഴിലാളികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here