നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ്

Posted on: September 27, 2016 9:29 am | Last updated: September 27, 2016 at 12:20 pm

നിലമ്പൂര്‍: നിലമ്പൂരില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവെപ്പ്. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് കോളനിയിലാണ് മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ നടന്നത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നെടുങ്കയത്തുനിന്ന് അഞ്ച് കിലോമീറ്ററോളം ഉള്‍വനത്തിലാണ് മുണ്ടക്കടവ് കോളനി. വൈകീട്ട് ആറരക്കും ഏഴിനുമിടെ സ്ത്രീയുള്‍പ്പെടെ ആറ് മാവോവാദികള്‍ കോളനിയിലത്തെി ആദിവാസികള്‍ക്ക് ക്ലാസെടുക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ ദേവസ്യയുടെയും എസ്‌ഐ മനോജ് പറയറ്റയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം എട്ടോടെ സ്ഥലത്തത്തെി.

വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പത്തോടെ കോളനിയിലത്തെി. അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി ഡിവൈഎസ്പി പറഞ്ഞു. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്.