യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലിലേക്ക് ടി പി അശ്‌റഫലിയെ തിരഞ്ഞെടുത്തതില്‍ ഭിന്നത

Posted on: September 24, 2016 1:15 pm | Last updated: September 24, 2016 at 1:15 pm
SHARE
ടിപി അഷ്‌റഫലി
ടിപി അഷ്‌റഫലി

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലിലേക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തക സമിതിയില്‍ ഭിന്നത. എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി ഉള്‍പ്പെടെയുള്ള ചിലരെ മണ്ഡലം കൗണ്‍സിലിന്റെയോ പ്രവര്‍ത്തക സമിതിയുടെയോ അംഗീകാരമില്ലാതെ ചില ഭാരവാഹികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം നിലമ്പൂര്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ബഹളവും വാക്കേറ്റവുമുണ്ടായത്.
ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രവര്‍ത്തകസമിതി അംഗമല്ലാത്ത അശ്‌റഫലി പങ്കെടുത്തതും കടുത്ത എതിര്‍പ്പിനിടയാക്കി. പ്രവര്‍ത്തന പരിചയവും പാരമ്പര്യവുമുള്ള യൂത്ത്‌ലീഗ് നേതാക്കളെ അവഗണിച്ച് വിഭാഗീയ പ്രവര്‍ത്തനവും ഏകാധിപത്യവുമായി മുന്നോട്ടുപോകുന്ന ചിലര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതിനെതിരാണ് മണ്ഡലം കൗണ്‍സിലിലും പ്രവര്‍ത്തകസമിതിയിലും ഭൂരിപക്ഷം പേരുമെന്നറിയുന്നു. ഏഴ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമുള്ള മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളും ഇവരെ തിരഞ്ഞെടുത്തതിനെതിരേ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ജില്ല, മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പി വി അബ്ദുല്‍വഹാബ് എം പിക്കും ഇവര്‍ രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്.
ഇ കെ വിഭാഗം സമസ്തക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട ടി പി അശ്‌റഫലിക്കെതിരേ നടപടി ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ നല്‍കിയ കത്ത് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അശ്‌റഫലിക്കെതിരേ രംഗത്തുവന്നത് യൂത്ത് ലീഗ് നേതൃ സ്ഥാനത്ത് അശ്‌റഫലിയെ കൊണ്ടുവരാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here