ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ട് വെനിസ്വേലയില്‍ ഡ്രൈവര്‍മാരുടെ പ്രക്ഷോഭം

Posted on: September 22, 2016 11:03 pm | Last updated: September 22, 2016 at 11:03 pm
കിഴക്കന്‍ കാരക്കസില്‍ ബസുകള്‍ പൊതുനിരത്തില്‍ നിര്‍ത്തിയിട്ടപ്പോള്‍
കിഴക്കന്‍ കാരക്കസില്‍ ബസുകള്‍ പൊതുനിരത്തില്‍ നിര്‍ത്തിയിട്ടപ്പോള്‍

കാരക്കസ്: യാത്രാകൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വെനിസ്വേലയില്‍ ബസ് ഡ്രൈവര്‍മാരുടെ പ്രക്ഷോഭം. ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് ഗതാഗതം സ്തംഭിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ പ്രക്ഷോഭം നടത്തിയത്. എണ്ണ വില കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ വെനിസ്വേലയില്‍ വ്യാപകമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് നഗരം സ്തംഭിപ്പിച്ച് ബസ് ഡ്രൈവര്‍മാര്‍ സമരത്തിലിറങ്ങിയത്. ജീവിതം വഴിമുട്ടാതിരിക്കാന്‍ ന്യായമായ കൂലി ലഭിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. തെക്കന്‍ കാരക്കസിലെ ഗതാഗത മന്ത്രാലയത്തിന് മുന്നിലായിരുന്നു പ്രക്ഷോഭം.
പ്രതിപക്ഷ പ്രക്ഷോഭത്തിന് പിന്നാലെ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയത് പ്രസിഡന്റ് നിക്കോളാസ് മദുറോയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിയന്തരമായ സാമ്പത്തിക പരിഷ്‌കരണമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.