നട്ടെല്ല് നിവരാതെ അമേരിക്ക

Posted on: September 19, 2016 8:40 am | Last updated: September 19, 2016 at 8:40 am
SHARE

സാമ്രാജ്യത്വത്തിന് സ്ഥായിയായ കൂട്ടുകെട്ടുകളില്ല. സാമ്പത്തികവും സുരക്ഷാപരവും രാഷ്ട്രീയവുമായി അതത് കാലത്ത് രൂപപ്പെടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അത് ശത്രു, മിത്രങ്ങളെ നിശ്ചയിക്കാറുള്ളത്. ലോകമഹായുദ്ധത്തിന്റെ പാഠം തന്നെ അതാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈനയോടും സൗഹൃദത്തിന്റെ ട്രിപ്പീസ് കളി നടത്തുകയാണല്ലോ അമേരിക്ക. ഒരു കാലത്ത് ‘തിന്മയുടെ അച്ചുതണ്ടാ’യിരുന്ന ഇറാനുമായി ആണവ കരാറിലെത്താന്‍ അമേരിക്ക തയ്യാറായി. പുതിയ ശത്രുക്കളെ സൃഷ്ടിച്ചും യുദ്ധമുഖങ്ങള്‍ തുറന്നും പുതിയ ബന്ധുക്കളെ കണ്ടെത്തിയും അമേരിക്ക അതിന്റെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ നടത്തുന്ന ഇടപെടലുകളാണ് ആഗോള രാഷ്ട്രീയക്രമത്തെ ഇന്ന് നിര്‍ണയിക്കുന്നത്. അമേരിക്കന്‍ വിദേശനയത്തിന്റെ ദിശ തികച്ചും പ്രവചനാതീതമാണ്. എന്നാല്‍ ഇപ്പറഞ്ഞതൊന്നും ഇസ്‌റാഈലുമായുള്ള ബന്ധത്തിന് ബാധകമല്ല. ആര് പ്രസിഡന്റായാലും എന്തൊക്കെ കുഴഞ്ഞ് മറിഞ്ഞാലും ഇസ്‌റാഈലിന്റെ സംരക്ഷക ദൗത്യം അമേരിക്ക ഉപേക്ഷിക്കില്ല. ജൂതരാഷ്ട്രത്തിന് അമേരിക്കന്‍ ഭരണകൂടത്തിലുള്ള സ്വാധീനം അത്രമേല്‍ ശക്തമാണ്. ഇരഭാവത്തിനുമപ്പുറം പാശ്ചാത്യ ലോകത്ത് ജൂതര്‍ക്ക് ഉണ്ടായിരുന്ന അപകടകരമായ സ്വാധീനമാണല്ലോ അറബ് സമൂഹത്തിന് നടുവില്‍ ആ രാജ്യത്തെ സ്ഥാപിക്കാന്‍ തന്നെ കാരണമായത്. ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഫലസ്തീന്‍ അധിനിവേശവും അതിക്രമങ്ങളുമൊന്നും ആ രാജ്യവുമായുള്ള ബന്ധത്തില്‍ അമേരിക്കക്ക് തടസ്സമാകുന്നില്ല. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും ഒപ്പുവെച്ച കൂറ്റന്‍ സൈനിക കരാര്‍ ഈ വസ്തുത ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ കരാറിന്റെ ഭാഗമായി 3800 കോടി യു എസ് ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ഇസ്‌റാഈലിന് നല്‍കുക. ഒരു വിദേശ രാജ്യത്തിന് അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സൈനിക പാക്കേജാണിത്. 2019 മുതല്‍ 2028 വരെയാണ് കരാറിന്റെ കാലാവധി. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ അനധികൃത നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റാഈലിന്റെ ധിക്കാരത്തെ പിന്തുണക്കുകയാണ് കരാര്‍ വഴി അമേരിക്ക ചെയ്തിരിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി മാധ്യസ്ഥ്യകുപ്പായമണിഞ്ഞ് ഓടി നടക്കുന്ന യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നടത്തുന്നത് വെറും അഭിനയമാണെന്നും ഈ കരാര്‍ വിളിച്ചു പറയുന്നു. കരാര്‍ സംബന്ധിച്ച്, ഇസ്‌റാഈല്‍ അനുകൂല ലോബീംഗ് ഗ്രൂപ്പായ അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി നടത്തിയ പ്രതികരണത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ ശത്രുക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കുകയെന്ന കടമയാണ് അമേരിക്ക നിര്‍വഹിച്ചിരിക്കുന്നതെന്നാണ് കമ്മിറ്റിയുടെ ഭാഷ്യം. പുതിയ കരാര്‍ അപകടകാരികളായ അയല്‍ക്കാരുള്ള ഇസ്‌റാഈലിന്റെ സുരക്ഷ ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ തന്നെ പറയുന്നു. അമേരിക്ക-–ഇസ്‌റാഈല്‍ സൗഹൃദത്തിന്റെ ദാര്‍ഢ്യം തെളിയിക്കുന്നതാണ് കരാറെന്ന് ഒബാമക്ക് നന്ദി അറിയിച്ചുകൊണ്ട് നെതന്യാഹുവും മൊഴിയുന്നു.
ഇസ്‌റാഈലുമായി ഇത്തരമൊരു കരാര്‍ പുതിയ കാര്യമൊന്നുമല്ല. 2018ല്‍ കാലാവധി അവസാനിക്കുന്ന ഒരു സൈനിക കരാര്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കരാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുള്ളതാകുന്നതിന്റെ പിന്നില്‍ ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. പരമ്പരാഗത സുഹൃത്തുക്കളായ രാജ്യങ്ങളെ പ്രസിഡന്റ് ബരാക് ഒബാമ കാര്യമായി പിന്തുണച്ചില്ലെന്ന പഴി അദ്ദേഹം നേരിടുന്നുണ്ട്. തന്റെ കാലാവധി അവസാനിക്കും മുമ്പ് ആ വിമര്‍ശത്തിന് പരിഹാരം കാണണമെന്ന ആഗ്രഹമാണ് ഇത്തരമൊരു കരാറിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ഘടകം. മാത്രമല്ല, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്റെ നില ഭദ്രമാക്കാനും കരാര്‍ അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു. എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തികഞ്ഞ ഫലസ്തീന്‍വിരുദ്ധനാണ്.
ഇസ്‌റാഈല്‍ കണ്ണുരുട്ടിയാല്‍ അമേരിക്ക പേടിക്കുന്നുവെന്നതാണ് ആത്യന്തിക സത്യം. ഇറാനുമായി ആണവ കരാറില്‍ ഒപ്പ് വെച്ചപ്പോള്‍ ഒബാമയെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരുഷമായി വിമര്‍ശിച്ചിരുന്നു. ‘അത് ഞങ്ങളുടെ തീരുമാനമാ’ണെന്ന് നിവര്‍ന്ന് നിന്ന് പറയാന്‍ ഒബാമ തയ്യാറായില്ല. പകരം ഇസ്‌റാഈലിനെ കൂടുതല്‍ ആയുധമണിയിച്ച് സന്തോഷിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. 1948ല്‍ ഇസ്‌റാഈല്‍ ആക്കി മാറ്റിയ മുഴുവന്‍ പ്രദേശവും ഫലസ്തീന് അവകാശപ്പെട്ടതാണ്. എന്നാല്‍ ആരും ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കുന്നില്ല. പകരം 1967ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് പിന്‍മാറണമെന്ന തികച്ചും മാന്യമായ പരിഹാരമാണ് മുന്നോട്ട് വെക്കുന്നത്. ശ്വാസോച്ഛ്വാസം പോലെ അനിവാര്യമായ ഈ ആവശ്യത്തെ പോലും സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. എന്താണ് അമേരിക്ക പറയുന്ന സമാധാനം? ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ മുഴുവന്‍ ഫലസ്തീന്‍ ജനത സഹിക്കണമെന്നാണോ? ദിനംപ്രതി നടക്കുന്ന ജൂതഭവന നിര്‍മാണം നിര്‍ബാധം തുടരണമെന്നാണോ? അപകടകാരികളായ ശത്രുക്കളുടെ നടുവിലാണ് ഇസ്‌റാഈലെന്ന് പ്രഖ്യാപിക്കുക വഴി തന്റെ മുന്‍നിലപാടുകളെല്ലാം തള്ളിപ്പറയുകയാണ് ഒബാമ ചെയ്തിരിക്കുന്നത്. ഏത് രാജ്യത്തെയും ഭസ്മമാക്കാനുള്ള ആയുധശേഷിയുള്ള ഇസ്‌റാഈലിന് വേണ്ടിയാണ് ഒബാമ ഇപ്പോള്‍ വിലപിക്കുന്നത്. ഇതില്‍പരം തമാശയെന്താണുള്ളത്?

LEAVE A REPLY

Please enter your comment!
Please enter your name here