പുസ്തകങ്ങളുടെ ഈ പൂന്തോട്ടം നിശ്ശബ്ദം വായനക്കാരെ കാത്തിരിക്കുന്നു

Posted on: September 17, 2016 8:01 pm | Last updated: September 17, 2016 at 8:01 pm
SHARE

libraryദോഹ: ഇത് ഖത്വറിലെ ഏറ്റവും പഴക്കംചെന്ന ലൈബ്രറി. നിശ്ശബ്ദമായ ഹാളിനകത്ത് നിറയെ പുസ്തകങ്ങളുണ്ട്. ദിനേന വരുന്നത് ഒന്നോ രണ്ടോ പേരാണെങ്കില്‍ പോലും ഹാളിനകത്തെ കസേരകളെല്ലാം വളരെ മനോഹരമായി ഒരുക്കിത്തുടച്ച് വെച്ചിട്ടുണ്ട്. സന്ദര്‍ശക ബാഹുല്യത്തിനപ്പുറത്ത് അറിവുകള്‍ തേടി വരുന്നവരെ സ്വീകരിക്കുന്നവയാണ് ആ ഇരിപ്പിടങ്ങള്‍. ‘പുസ്തകങ്ങളുടെ പൂന്തോട്ടമാണ് ലൈബ്രറി’ തുടങ്ങിയ ആപ്തവാക്യങ്ങളെഴുതിയ ചുമരുള്ള ലൈബ്രറിയില്‍ അതുവായിക്കാന്‍ പോലും ആരുമുണ്ടാകാറില്ലെന്നത് ഏറെ വ്യസനിപ്പിക്കുന്ന കാര്യമാണ്.
ഓള്‍ഡ് അല്‍ ഗനീമിലെ ഖത്വര്‍ നാഷണല്‍ ലൈബ്രറി 1962ലാണ് സ്ഥാപിക്കപ്പെട്ടത്. ഖത്വരികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അംഗത്വം ലഭിക്കുന്ന ലൈബ്രറി സാംസ്‌ക്കാരിക കായിക വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
ഖത്വര്‍ ഫൗണ്ടേഷന് കീഴിലുള്ള ഖത്വര്‍ നാഷനല്‍ ലൈബ്രറിയുമായി ഇതിന് ബന്ധമൊന്നുമില്ല. ലൈബ്രറി തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്. മികച്ച പുസ്തക ശേഖരവും ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കൂമ്പാരവുമുള്ള ഖത്വര്‍ നാഷനല്‍ ലൈബ്രറി മികച്ച റഫറന്‍സ് സ്ഥാപനമായാണ് ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നത്. ഖത്വര്‍ നാഷനല്‍ ലൈബ്രറിയിലെത്തുന്നവര്‍ക്ക് ഫോട്ടോകോപ്പി എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വളരെ എളുപ്പത്തില്‍ ലൈബ്രറിയില്‍ അംഗത്വമെടുക്കാമെങ്കിലും കേവലം രണ്ടായിരത്തോളം പേര്‍ മാത്രമാണ് ഇവിടെ ഇതിനകം അംഗങ്ങളായിട്ടുള്ളത്. 2007ന് ശേഷം ലൈബ്രറി സന്ദര്‍ശിക്കാതിരുന്ന നിരവധി അംഗങ്ങളുടെ അംഗത്വം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ലൈബ്രറി അംഗത്വത്തിനുള്ള അപേക്ഷാ ഫോറത്തില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണ് ആകെ ആവശ്യമായിട്ടുള്ളത്.
ലൈബ്രറിയുടെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങളും മാസികകളുമുള്ള വിഭാഗത്തിലും അധികമാളുകളൊന്നും ഉണ്ടാകാറില്ല. താഴ്ന്ന വരുമാനാക്കാരായ ഏതാനും പേര്‍ അവിടെയിരുന്ന് പത്രങ്ങള്‍ വായിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട് എന്നല്ലാതെ കൂടുതല്‍ പേരൊന്നും ദിനപത്രങ്ങള്‍ വായിക്കാന്‍ പോലും എത്താറില്ലെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈബ്രറി സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായെങ്കിലും ഡിജിറ്റല്‍ ലോകത്ത് വായന കുറഞ്ഞുവെന്നല്ല ഇത് സാക്ഷ്യപ്പെടുത്തുന്നത്. വായിക്കാന്‍ താത്പര്യമുള്ളവര്‍ ഫേസ്ബുക്ക് പേജില്‍ നിന്നും ഓണ്‍ലൈനുകള്‍ വഴിയും ഇ പുസ്തകങ്ങളും ഇപ്പോഴും വായിക്കുന്നുണ്ട്. പുസ്തകങ്ങളില്‍ നിന്നും നേരിട്ട് വായിക്കുന്ന രീതി മാത്രമാണ് കുറഞ്ഞിരിക്കുന്നത്.
ഖത്വര്‍ നാഷനല്‍ ലൈബ്രറിയിലെ അറബി വിഭാഗത്തില്‍ ആയിരക്കണക്കിന് പുസ്തകങ്ങളാണുള്ളത്. ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസുകള്‍, അപൂര്‍വ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍, ചരിത്ര കൃതികള്‍ തുടങ്ങിയവ ഉള്‍പ്പെടെ അരലക്ഷത്തോളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്.
നിരവധി ഗ്രന്ഥങ്ങളുള്ള അപൂര്‍വ കൃതികള്‍ ലൈബ്രറിയില്‍ നിന്നും വായനക്കാരന് കൊണ്ടുപോകാന്‍ അനുവാദമില്ല. അപൂര്‍വ കൃതികള്‍ നഷ്ടപ്പെട്ടുപോകരുതെന്ന സൂക്ഷ്മതയാണ് ഇതിന് പിറകില്‍. ആവശ്യക്കാര്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള പേജുകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനാവും.
വൈദ്യശാസ്ത്രം, നോവല്‍, ചരിത്രം, ഭൂമിശാസ്ത്രം, ആത്മകഥകള്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളുടെ മികച്ച ശേഖരമാണ് ഇംഗ്ലീഷ് വിഭാഗത്തിലുള്ളത്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന പ്രവാസികള്‍ പോലും വളരെ കുറച്ചുമാത്രമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ എത്താറുള്ളത്.