സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ഡിജിറ്റലൈസ് ചെയ്യും: തോമസ് ഐസക്ക്

Posted on: September 17, 2016 6:22 am | Last updated: September 17, 2016 at 12:23 am
തോമസ് ഐസക്‌
തോമസ് ഐസക്‌

കൊച്ചി: യുവതലമുറയെ ആകര്‍ഷിക്കുന്നതിന് സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഗ്രന്ഥശാലകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അച്ചടി- പ്രസാധക രംഗത്തുപ്രവര്‍ത്തിക്കുന്നവരുടെ ദേശീയ സമ്മേളനം ‘പബ്ലിഷിങ് നെക്‌സ്റ്റ്’എറണാകുളം ബോള്‍ഗാട്ടി പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായനാ സംസ്‌കാരത്തിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സാങ്കേതിക സൗകര്യങ്ങള്‍ ലൈബ്രറികളില്‍ ഏര്‍പ്പെടുത്താനാണുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ എ ഗ്രേഡ് ലൈബ്രറികള്‍ക്കും സൗജന്യ വൈ ഫൈ, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കും. ഈ ലൈബ്രറികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും. പടിപടിയായി മറ്റ് ലൈബ്രറികളെയും ഈ സൗകര്യത്തിലേക്ക് കൊണ്ടുവരും. വാര്‍ഷിക ഗ്രാന്‍ഡ് വര്‍ധിപ്പിക്കും. ലൈബ്രേറിയന്‍മാര്‍ക്കുള്ള അലവന്‍സുകള്‍ പുതുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍ കമ്പ്യൂട്ടറില്‍ വായിക്കുന്ന ശീലമുള്ളവരാണ് പുതിയ തലമുറയിലെ അധികം പേരും. ലൈബ്രറികളിലെ ഡിജിറ്റലൈസേഷന്‍ പുസ്തക പ്രസാധകര്‍ക്ക് അവരുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കേരളത്തില്‍ മതേതര- പുരോഗമന ചിന്താഗതികള്‍ക്കും ജനാധിപത്യ ആശയങ്ങള്‍ക്കും വേരോട്ടമുണ്ടാക്കിയത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളാണ്. സംസ്‌കാരത്തിന്റെ സൃഷ്ടികേന്ദ്രങ്ങളായിരുന്നു അവ. എന്നാല്‍ സമീപകാലത്ത് വായനശാലകള്‍ കുറഞ്ഞു. അതുകൊണ്ട് ഇപ്പോഴുള്ള ഗ്രന്ഥശാലകളെ പുനരുദ്ധരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
എല്ലാ സ്‌കൂളുകളിലും ഒരു ലൈബ്രറിയുണ്ടായിരിക്കണമെന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തും. ഗ്രാന്‍ഡ് വാങ്ങാന്‍ വേണ്ടിമാത്രം വര്‍ഷാവര്‍ഷം ചടങ്ങുപോലെ അധ്യാപകര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് ഏതെങ്കിലുമൊക്കെ പുസ്തകങ്ങള്‍ വാങ്ങുന്നതാണ് പതിവ്. ഇതവസാനിപ്പിക്കണം. വായനാ സംസ്‌കാരത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലാകണം സ്‌കൂള്‍ ലൈബ്രറികള്‍. അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതിനായി ക്ലാസ്‌റൂം ലൈബ്രറികള്‍ക്കും ഊന്നല്‍ നല്‍കും. പുസ്തകപ്രസാധന രംഗത്ത് മുതല്‍മുടക്കാന്‍ തയ്യാറായി വരുന്ന സംരംഭകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംഗീതനാടക അക്കാദമി പബ്ലിക്കേഷന്‍ കമ്മിറ്റിയംഗവും ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു പ്രൊഫസറായ പ്രൊഫസറുമായ സമിക് ബന്ദോപാധ്യായ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.