വാട്ടര്‍ സ്‌കൂട്ടര്‍, ജെറ്റ് സ്‌കിസ് സവാരിക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌

Posted on: September 16, 2016 7:22 pm | Last updated: September 22, 2016 at 7:42 pm
SHARE

00jet-ski-pic-1ദോഹ: കടലില്‍ വാട്ടര്‍ സ്‌കൂട്ടര്‍, ജെറ്റ് സ്‌കിസ് എന്നിവയില്‍ സവാരി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സവാരിക്കാര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം.
നിരോധിത നീന്തല്‍, ഡൈവിംഗ് ബീച്ച് മേഖല, സമുദ്ര പ്രവര്‍ത്തന മേഖല, നിരോധിത മേഖല എന്നിവിടങ്ങളില്‍ സ്‌കൂട്ടര്‍ സവാരി അനുവദിക്കില്ല. കടല്‍ തീരങ്ങളിലെ സ്വകാര്യ വസ്തുക്കളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും അകലെയായിരിക്കണം സവാരി നടത്തേണ്ടത്. ഗതാഗത മന്ത്രാലയത്തില്‍ സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യണം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് മുമ്പിലും പിന്നിലും സ്ഥാപിക്കണം. സ്‌കൂട്ടര്‍ സവാരി നടത്തുന്ന മുഴുവന്‍ സമയങ്ങളിലും ലൈഫ് ജാക്കറ്റ് ധരിക്കണം. ഇഗ്‌നീഷ്യന്‍ കീ ഡ്രൈവറുടെ കൈത്തണ്ടയുമായി നിര്‍ബന്ധമായും ബന്ധപ്പെടുത്തിയിരിക്കണം. ശരിയായ രീതിയില്‍ ഗതിനിയന്ത്രണ വെളിച്ച സംവിധാനങ്ങള്‍ സ്‌കൂട്ടറില്‍ ഘടിപ്പിക്കണം. സ്‌കൂട്ടറിന്റെ വലത് വശത്ത് പച്ച നിറത്തിലുള്ള വെളിച്ചവും ഇടതു വശത്ത് ചുവന്ന നിറത്തിലുള്ള വെളിച്ചവും പിന്‍ ഭാഗത്ത് വെള്ള വെളിച്ചവുമായിരിക്കണം ഘടിപ്പിക്കേണ്ടത്. കടലിലെ മറ്റുള്ളവരുടെ സുരക്ഷയെ കരുതി സ്‌കൂട്ടര്‍ സവാരിക്കാര്‍ സാഹസിക പ്രകടനങ്ങള്‍ നടത്തരുത്. പ്രായപൂര്‍ത്തിയാകാത്തവരോ അല്ലെങ്കില്‍ സ്‌കൂട്ടര്‍ ഉപയോഗിച്ച് പരിചയമില്ലാത്തവരോ സവാരി നടത്തരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കടലില്‍ സവാരിക്കും സാഹസികയാത്രക്കുമായി പുറപ്പെടുന്നവര്‍ പുതിയ സുരക്ഷാ നിര്‍ദേശം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റി അറിയിച്ചു. സാഹസികത ഇഷ്ടപ്പെടുന്നവരുള്‍പ്പടെ നിരവധിപേര്‍ വാട്ടര്‍ സ്‌കൂട്ടറുകളും ജെറ്റ് സ്‌കിസും ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here