Connect with us

Ongoing News

അരുണാചലില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുഖ്യമന്ത്രിയടക്കം 42 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അരുണാചലില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ എല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബിജെ.പിയുടെ സഖ്യകക്ഷി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസിന് വീണ്ടും ഭരണം നഷ്ടമായത്. മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം.

ഇതോടെ അരുണാചല്‍ ഭരണം എന്‍ഡിഎയുടെ കൈകളിലായി. ബി.ജെ.പിക്ക് ഇവിടെ 11 എം.എല്‍.എമാരുണ്ട്.കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രണ്ടു മാസം മുന്‍പാണ് പെമ ഖന്ദുവിനെ മുഖ്യമന്ത്രിയാക്കിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47ഉം ബി.ജെ.പിക്ക് 11ഉം രണ്ട് സ്വതന്ത്രരുമാണ് ഉള്ളത്. നിയമസഭാ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ (പിപിഎ) ലയിക്കുകയാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പെമ ഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ നബാം തൂക്കി സര്‍ക്കാരിനെ മാറ്റി അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ കലിഖോ പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിയമിച്ചത്. ഇത് റദ്ദാക്കിയ സുപ്രീംകോടതി നബാം തൂക്കി സര്‍ക്കാരിനെ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഇടപെട്ടായിരുന്നു പെമ ഖന്ദുവിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

അതിനിടെ, അധികാരം നഷ്ടപ്പെട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുലിനെ കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest