ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി ചുരുക്കിക്കാട്ടാനുള്ള ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനാണെന്ന് ചെന്നിത്തല

Posted on: September 16, 2016 12:52 pm | Last updated: September 17, 2016 at 2:14 pm

ramesh chennithalaതിരുവനന്തപുരം: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കാട്ടാനുള്ള ബി ജെ പിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബി ജെ പിയുടെ ശ്രമം അപഹാസ്യമാണെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി ജെ പി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.