സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കണമെന്ന്

Posted on: September 16, 2016 1:25 am | Last updated: September 16, 2016 at 1:09 am
SHARE

soumyaകോഴിക്കോട്: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യു ഹരജി ഫയല്‍ ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവിയും പ്രസിഡന്റ് ഡോ. ടിഎന്‍ സീമയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൗമ്യയുടെ ദാരുണമായ കൊലപാതകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാവുന്നതിനിടയില്‍ പുറത്തേക്ക് എറിയപ്പെട്ടാണ് സൗമ്യ കൊല്ലപ്പെട്ടത്. ഗോവിന്ദച്ചാമി എന്ന പ്രതിയെ വിചാരണക്കോടതിയും ഹൈക്കോടതിയും വധ ശിക്ഷക്ക് വിധേയമാക്കിയപ്പോള്‍ പൊതുസമൂഹം അതിനെ സ്വാഗതം ചെയ്തിരുന്നു. കോടതിമുമ്പാകെ വന്നിരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ വന്നിരുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന നിലയില്‍ തന്നെയാണ് പരമാവധി ശിക്ഷക്ക് പ്രതി അര്‍ഹനാണെന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ചിട്ടുള്ളത്.
ഈ വിധിക്കെതിരെ സുപ്രീംകോടതി മുമ്പാകെ പ്രതി ഫയല്‍ ചെയ്ത അപ്പീലിലാണ് ഇപ്പോള്‍ സുപ്രീംകോടതി പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്. ഇത് സ്ത്രീ സമൂഹത്തെ മാത്രമല്ല സൗമ്യയുടെ അമ്മ പറഞ്ഞതുപൊലെ മനസ്സാക്ഷിയുള്ള മുഴുവനാളുകളുടെയും നെഞ്ചിടിപ്പിക്കുന്നതാണ്. ഒരിക്കലും ഗോവിന്ദച്ചാമി പുറംലോകം കാണരുതെന്നാണ് സൗമ്യയുടെ അമ്മയെപോലെ കേരളീയസമൂഹവും ആഗ്രഹിച്ചത്.
സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്ത്രീവിരുദ്ധമായ വിധിപ്രസ്താവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
ഈ വിധി പ്രസ്താവനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ അസോസിയേഷന്റെയും മുഴുവന്‍ യൂണിറ്റുകളും സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് കത്തുകളയക്കണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുമെന്നും സതീദേവിയും സീമയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here