ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസകരമെന്ന് സൗമ്യയുടെ അമ്മ സുമതി

Posted on: September 15, 2016 8:27 pm | Last updated: September 16, 2016 at 10:51 am
SHARE

soumya-mother-jpg-image-485-345പാലക്കാട്: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസകരമെന്ന് സൗമ്യയുടെ അമ്മ സുമതി. എന്നാല്‍ കേസില്‍ വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു. നെഞ്ചുപൊട്ടുന്ന വിധിയെന്നായിരുന്നു സൗമ്യയുടെ അമ്മയുടെ ആദ്യ പ്രതികരണം. കോടതിയില്‍ നിന്നും ഒരുതരത്തിലുള്ള നീതിയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്തിയില്ല. കേസ് വാദിക്കാന്‍ അറിയാത്ത അഭിഭാഷകനെ പുതിയ സര്‍ക്കാര്‍ നിയോഗിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടിയുണ്ടായതെന്നും സുമതി പറഞ്ഞു.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകനെ തന്നെ സുപ്രീം കോടതിയിലും നിയോഗിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ വാദിക്കാന്‍ അറിയാത്ത ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി നിയോഗിക്കുകയായിരുന്നുവെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്നും സൗമ്യമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ഇത്രമാത്രം ശിക്ഷയെ ലഭിക്കുന്നുള്ളുവെങ്കില്‍ ഇനിയും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here