Connect with us

Kozhikode

കലയും സാഹിത്യവും സഹജീവിയെ തിരിച്ചറിയാന്‍ പ്രചോദിപ്പിക്കുന്നതാകണം: വീരാന്‍കുട്ടി

Published

|

Last Updated

കുറ്റിയാടി: അവനവനെത്തന്നെ നോക്കിനിന്ന് ആത്മരതി കൊള്ളുന്ന “സെല്‍ഫി”യുടെ കാലഘട്ടത്തിലും മറ്റുള്ളവരെ കാണാനും തിരിച്ചറിയാനും പ്രചോദിപ്പിക്കുന്നതാണ് കലയും സാഹിത്യവുമെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി. കുറ്റിയാടി സിറാജുല്‍ഹുദയില്‍ എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും പരിഹരിക്കാത്ത ശൂന്യതകള്‍ മനസ്സിലുണ്ടാവുമ്പോഴാണ് അവിടെ കുടിലചിന്തകള്‍ സ്ഥാനം പിടിക്കുന്നത്. കലകള്‍ മനസ്സിനെ നന്മയിലേക്ക് നയിക്കുന്ന നിറകുടങ്ങളാണ്. സര്‍ഗാത്മക വ്യക്തിത്വത്തെയും സമൂഹത്തെയും രൂപവത്കരിക്കാന്‍ സാഹിത്യോത്സവുകള്‍ കൊണ്ട് സാധിക്കും. ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറെന്നു വിളിച്ചു പറയുന്ന വിരോധാഭാസമാണ് ചുറ്റും കേള്‍ക്കുന്നത്.
ജീവിതത്തിന് പിന്നാലെ വെപ്രാളം പിടിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് ആധുനിക സമൂഹം. ഈ ഓട്ടം ആത്മാവിന്റെ ധന്യതയെ തകര്‍ക്കും. ശരീരത്തിന്റെ വിശപ്പല്ല; ആത്മാവിന്റെ വിശപ്പാണ് പ്രധാനം – വീരാന്‍കുട്ടി ചൂണ്ടിക്കാട്ടി.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു.
കുറ്റിയാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബദുര്‍റഹ്മാന്‍ സഖാഫി അഭിവാദ്യ പ്രഭാഷണവും എസ് എസ് എഫ് സംസ്ഥന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ സന്ദേശ പ്രഭാഷണവും നിര്‍വഹിച്ചു.
സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, മുഹമ്മദലി കിനാലൂര്‍, നാസര്‍ ചെറുവാടി, ഹുസന്‍ മാസ്റ്റര്‍ കുന്നത്ത്, സയ്യിദ് മുഹമ്മദലി ശിഹാബ്, പി വി അഹ്മദ് കബീര്‍ എളേറ്റില്‍, അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അബ്ദുസ്സലാം സഅദി, മാക്കൂല്‍ മുഹമ്മദ് ഹാജി, കോരങ്കോട് മൊയ്തു പ്രസംഗിച്ചു.