60 സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയായി; 20 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ്‌

Posted on: September 9, 2016 12:38 pm | Last updated: September 9, 2016 at 2:39 pm

കല്‍പ്പറ്റ:ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പ്രത്യേക സക്വാഡിന്റെ പരിശോധന പുരോഗമിക്കുന്നു. ആഗസ്റ്റ് 31 ന് ആരംഭിച്ച പരിശോധന സെപ്തംബര്‍ 13 ാം തീയതി വരെ തുടരും. ഓണംബക്രീദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 60 സ്ഥാപനങ്ങളില്‍ പരിശോധനനടത്തിയതില്‍ 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഴയിനത്തില്‍ ഇതുവരെ 1,21,000 രൂപയും ഈടാക്കിയിട്ടുണ്ട്. അത്യധികം വൃത്തിഹീനമായി സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന മാനന്തവാടിയിലെ റീഗല്‍ ബേക്കറിയുടെ ഭക്ഷ്യനിര്‍മ്മാണ യൂണിറ്റും, കമാലിയ ബേക്കറിയുടെ കിച്ചന്റെ ഒരു ഭാഗവും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വേണ്ടത്ര ശുചീകരണ സംവിധാനം ഒരുക്കിയതിന് ശേഷം ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പ്രസ്തുത ഭക്ഷ്യനിര്‍മ്മാണയൂണിറ്റും, കിച്ചണും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
തിരുവോണവും, ബക്രീദും അടുത്ത ദിവസങ്ങളില്‍ സമാഗതമാകാനിരിക്കെ എല്ലാ അവധികളും ഒഴിവാക്കിയാണ് ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനകളുമായി മുന്നോട്ട് പോകുന്നത്.
തെരുവോരകച്ചവടങ്ങളിലും, ഭക്ഷ്യ ഉത്പന്നവിതരണ കേന്ദ്രങ്ങളിലും, പച്ചക്കറിക്കടകളിലടക്കം പൂര്‍ണ്ണമായുള്ള പരിശോധനയാണ് സംഘം ലക്ഷ്യം വെക്കുന്നത്. അര്‍ദ്ധരാത്രിയിലടക്കം ഭക്ഷസുരക്ഷ ഉദ്യോഗസ്ഥരുടെ റെയിഡുകള്‍ തുടരുന്നുണ്ട്. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഫുഡ് സേഫ്റ്റി വിജിലന്‍സ് സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ വര്‍ഗ്ഗീസ്, കല്‍പ്പറ്റ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ജി ശശി എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ജില്ലയില്‍ പരിശോധന പുരോഗമിക്കുന്നത്.