വിഘടനവാദികളുമായി ഇനി ചര്‍ച്ചയില്ലെന്ന് കേന്ദ്രം

Posted on: September 8, 2016 1:30 am | Last updated: September 7, 2016 at 11:59 pm

all_party_3001074fന്യൂഡല്‍ഹി: സര്‍വ കക്ഷി സംഘത്തോട് ചര്‍ച്ചക്ക് വിസമ്മതിച്ച കശ്മീര്‍ വിഘടനവാദികളോട് നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിഘടനവാദികളുമായി ഇനി ചര്‍ച്ചക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കശ്മീരില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വവക്ഷിയോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്മീരിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് യോഗം ചേരുന്നത്.
ജമ്മു കശ്മീരിലെ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെപ്പെട്ടെന്ന് സര്‍വകക്ഷി സംഘം. കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതാണ് പ്രശ്‌നം വഷളാക്കിയതെന്നും സര്‍വകക്ഷി സംഘം ആരോപിക്കുന്നു. ഇതിനിടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വൈകിട്ട് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. കരസേന മേധാവിയുമായി ചേര്‍ന്ന് കശ്മീരിലെ സ്ഥിതിഗതികളും വിലയിരുത്തിയിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ നയിച്ച പാര്‍ലമെന്റിന്റെ സര്‍വകക്ഷി സംഘത്തില്‍ നിന്നുള്ളവരെ കാണാന്‍ കൂട്ടാക്കാതിരുന്ന കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. ഇതോടൊപ്പം കശ്മീരില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍വകക്ഷി സംഘത്തിലെ എം പിമാരുടെ പിന്തുണ നേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നീക്കത്തിലൂടെ ഒറ്റപ്പെടുത്താനുമാണ് തീരുമാനം. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സമാധാന ചര്‍ച്ചകള്‍ക്കായി കശ്മീര്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും സന്ദര്‍ശനം വിജയം കണ്ടിരുന്നില്ല.
ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ 20 പാര്‍ട്ടികളില്‍നിന്നുള്ള 26 എം പിമാരാണ് കശ്മീര്‍ സന്ദര്‍ശിച്ചത്.