ഉപയോഗിച്ച കാറുകളുടെ വില കുത്തനെ ഇടിഞ്ഞു

Posted on: September 5, 2016 11:01 pm | Last updated: September 6, 2016 at 10:18 pm
SHARE

32525208ദോഹ: പ്രാദേശിക വിപണിയില്‍ ഉപയോഗിച്ച കാറുകളുടെ വില 20 ശതമാനത്തിലേറെ താഴ്ന്നു. ദീര്‍ഘമായ വേനല്‍ക്കാല അവധിക്ക് കുടുംബങ്ങളടക്കമുള്ള പ്രവാസികള്‍ നാട്ടിലേക്ക് പോയതിനെ തുടര്‍ന്ന് ആവശ്യം കുറഞ്ഞതാണ് ഉപയോഗിച്ച കാറുകളുടെ വില കുറയാന്‍ കാരണമായതെന്ന് വിപണിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രീമിയം, ഇടത്തരം കാറുകള്‍ക്ക് വലിയ വിലക്കുറവാണ് വന്നത്. കൂടുതല്‍ ആള്‍ക്കാര്‍ കാറുകള്‍ വില്‍ക്കാന്‍ സന്നദ്ധമാകുന്നുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേനലവധിക്കാലത്ത് പോലും ആറ് വരെ കാറുകള്‍ മാസവും വിറ്റിരുന്നെന്നും പക്ഷെ ഈ വര്‍ഷം രണ്ടെണ്ണം മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞതെന്നും ഒരു വ്യാപാരി പറഞ്ഞു. 2010 മോഡല്‍ ഉര്‍വന്‍ ഇരുപതിനായിരം റിയാലിനാണ് കഴിഞ്ഞ മാസം വിറ്റത്. സാധാരണനിലക്ക് മുപ്പതിനായിരത്തോളം റിയാല്‍ ലഭിക്കേണ്ടതാണ്. ഇതേവാന്‍ ഫെബ്രുവരിയില്‍ 35000 റിയാലിനാണ് വിറ്റത്. അറുപതിനായിരം മുതല്‍ എണ്‍പതിനായിരം വരെ റിയാല്‍ ലഭിക്കുന്ന പ്രാഡോക്കും ഇരുപതിനായിരത്തില്‍ കൂടുതല്‍ വില ലഭിക്കുന്നില്ലെന്നും വ്യാപാരി പറയുന്നു. ലാന്‍ഡ്ക്രൂയിസര്‍ ജി എക്‌സ് ആര്‍ 2010-11 മോഡലിന്റെ വില ഒന്നര ലക്ഷം റിയാലില്‍ നിന്ന് 1.1 ലക്ഷം റിയാലായി കുറഞ്ഞിട്ടുണ്ട്. കാംറി, കോറോള, നിസ്സാന്‍ പിക്ക്അപ്പ് തുടങ്ങിയവക്കെല്ലാം മൂന്ന് മാസം മുമ്പുള്ളതിനേക്കാള്‍ നാലായിരം റിയാല്‍ വരെ കുറച്ചിട്ടാണ് വിറ്റത്. നിലവിലെ കാര്‍ മാറ്റാനും പുതിയ മോഡല്‍ ലഭിക്കാനുമായി വാഹനം വില്‍ക്കുന്ന ഉടമസ്ഥരില്‍ നിന്ന് നേരിട്ടാണ് തങ്ങള്‍ കാര്‍ വാങ്ങുന്നതെന്ന് മറ്റൊരു വ്യാപാരി പറയുന്നു. ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവരോ ജോലി മതിയാക്കി രാജ്യം വിടുന്നവരോ ഒക്കെയാണ് വാഹനം വില്‍ക്കാന്‍ വരുന്നത്. കമ്പനി വാഹനങ്ങളും കമ്പനികള്‍ക്ക് വാടകക്ക് കാറും പിക്കപ്പും വാനും നല്‍കിയവരും അവ വില്‍ക്കാന്‍ വരുന്നുണ്ട്. അവര്‍ക്ക് കരാര്‍ പുതുക്കി നല്‍കാത്തതാണ് പ്രശ്‌നമെന്നും വ്യാപാരി പറയുന്നു.
വേനല്‍ക്കാലത്തിന് മുമ്പ് 20 കാറുകള്‍ വരെ വിറ്റിരുന്നവര്‍ക്ക് ഇപ്പോള്‍ മാസം അഞ്ച് കാര്‍ പോലും വില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലെ തട്ടിപ്പുകളെ സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വ്യാപാരി മുന്നറിയിപ്പ് നല്‍കുന്നു.
അധിക വ്യാപാരികളും ഈ മേഖലയിലുള്ളവരല്ല. മുമ്പ് തൊഴിലാളികളായിരുന്നവര്‍ ഇപ്പോള്‍ വ്യാപാരികളായിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വാഹന പരിശോധന കേന്ദ്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കാറുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഈ കേന്ദ്രങ്ങളാണ്.
ഉപയോഗിച്ച വാഹനം ആദ്യമായി വില്‍ക്കാന്‍ വരുന്നയാളെ ആദ്യം ഒരുകൂട്ടം വ്യാപാരികള്‍ സമീപിക്കും. വാഹനത്തിന്റെ ഇല്ലാത്ത പോരായ്മകള്‍ പറഞ്ഞ് വ്യാജ വില പറയും. ഇത് കബളിപ്പിക്കലാണ്. സാങ്കേതികപരിശോധനക്ക് വാഹനം കൊണ്ടുപോകുന്നത് പണം പാഴാക്കലാണെന്നും വാഹനം സൂപ്പറാണെന്നും ഉപഭോക്താവിനെ പറഞ്ഞ് വിശ്വസിപ്പിക്കലാണ് മറ്റൊരു രീതി. ഇവരണ്ടും എപ്പോഴും ശ്രദ്ധിക്കണമെന്നും ഈ രംഗത്തെ വ്യാപാരികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here