വാഹന നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ; ട്രാഫിക് വയലേഷന്‍ റെക്കോര്‍ഡര്‍ നിങ്ങളെ പിടികൂടും

Posted on: September 4, 2016 12:23 pm | Last updated: September 4, 2016 at 12:23 pm
SHARE

കോഴിക്കോട്: വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പിടികൂടാന്‍ കഴിയുന്ന ഉപകരണവുമായി യുവാവ് . നിയമം ലംഘിച്ചാല്‍ പോലീസിന് നേരിട്ട് വിവരം നല്‍കുന്ന ഓട്ടോമാറ്റിക് ട്രാഫിക് വയലേഷന്‍ റെക്കോര്‍ഡറാണ് പയ്യോളി സ്വദേശി സി സനൂജ് വികസിപ്പിച്ചത്. ഉപകരണം വാഹനത്തില്‍ ഘടിപ്പിച്ചാല്‍ അമിത വേഗം, വണ്‍വേ തെറ്റിക്കല്‍, സിഗ്നല്‍ തെറ്റിക്കല്‍, തെറ്റായ പാര്‍ക്കിംഗ് തുടങ്ങിയവയെ കുറിച്ചെല്ലാം പോലീസിന് വിവരം കൈമാറാന്‍ കഴിയുമെന്ന് സനൂജ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

ഉപകരണം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഓരോ സ്ഥലത്തെയും ട്രാഫിക് നിയമങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനമുള്ളത്. റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകളില്‍ സ്ഥാപിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിക്കുന്നത്. മോഷ്ടാക്കളെ പ്രതിരോധിക്കാനുള്ള സംവിധാനവും ഉപകരണത്തിലുണ്ടാകും.

റെക്കോര്‍ഡറിന് ഒരു വിധത്തിലുള്ള മാറ്റം വരുത്താന്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധിക്കുകയില്ല എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തില്‍ ഈ ഉപകരണത്തിന്റെ ഉപയോഗം സംബന്ധിച്ച് ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തിവരികയാണ്. പേറ്റന്റും സ്വന്തമാക്കിയ സനൂജിന്റെ കണ്ടെത്തല്‍ ഗതാഗത രംഗത്ത് വലിയൊരു മാറ്റത്തിന് വഴിവച്ചേക്കും. കേരളത്തിന് പുറമെ കര്‍ണാടകയിലും പുതിയ സംവിധാനത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നുണ്ടെന്നും സനൂജ് പറഞ്ഞു.