ആദരാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍; ഇസ്്‌ലാം കരീമോവിന് യാത്രാമൊഴി

Posted on: September 4, 2016 5:10 am | Last updated: September 4, 2016 at 12:11 am

സമര്‍ഖന്ത്: അന്തരിച്ച ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്്‌ലാം കരീമോവിന്റെ മയ്യിത്ത് ഖബറടക്കി. സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പെട്ട് രാജ്യമായതിന് ശേഷം ദീര്‍ഘകാലമായി കരീമോവാണ് ഉസെബക്കിസ്ഥാന്റെ പ്രസിഡന്റ്.
മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് 78കാരനായ കരീമോവിനെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നെങ്കിലും വിവരം പുറത്തുവിടുന്നത് അധികൃതര്‍ വൈകിപ്പിക്കുകയായിരുന്നു. ജന്മദേശമായ സമര്‍ഖന്തിലാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനമുണ്ട്. ഖബറടക്കത്തിന് മുമ്പ് നടന്ന വിലാപയാത്രത്തില്‍ അനുശോചനമറിയിക്കാന്‍ ആയിരക്കണക്കിന് പേര്‍ പുഷ്പങ്ങളുമായി തെരുവുകളില്‍ നിലയുറപ്പിച്ചിരുന്നു. ഖബറടക്ക ചടങ്ങിന് പ്രധാനമന്ത്രി ശൗക്കത്ത് മിര്‍സിയോയേവ് നേതൃത്വം നല്‍കി. ഇദ്ദേഹം അടുത്ത പ്രസിഡന്റായേക്കുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ്. കരീമോവിന്റെ മൂത്ത മകള്‍ ഗുല്‍നാര പ്രസിഡന്റായേക്കുമെന്ന പ്രചാരണവും ശക്തമാണ്.
വ്യവസായിയും പോപ് താരവുമായ ഗുല്‍നാര ട്വിറ്ററിലൂടെ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും തുറന്നു വിമര്‍ശിച്ചതിന് രണ്ട് വര്‍ഷമായി വീട്ടു തടങ്കലിലാണ്. കുടുംബാംഗങ്ങളോടൊപ്പം ഖബറടക്ക ചടങ്ങുകളില്‍ ഇവരുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കരീമോവിന്റെ പിന്‍ഗാമി ആരെന്നതിനെ കുറിച്ച് ഉടന്‍ ധാരണയായില്ലെങ്കില്‍ അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഉസ്ബക്കിസ്ഥാന്റെ രാഷ്ട്രീയ ഭാവി അസ്ഥിരമാകാനുള്ള സാധ്യത കൂടുതലാണ്. ഉസ്‌ബെക്കിസ്ഥാനിലെ നിയമമനുസരിച്ച് അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ സെനറ്റിലെ മേധാവി നിഹ്്മത്തുല്ല യുല്‍ദശേവായിരിക്കും ആക്ടിംഗ് പ്രസിഡന്റ്.