Connect with us

Kerala

സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രനും പത്മകുമാറും

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തെ ചൊല്ലി സംസ്ഥാന ബി ജെ പിയിലും കലഹം. സ്ത്രീപ്രവേശത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പോസ്റ്റിട്ടതോടെയാണ് പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. സ്ത്രീപ്രവേശത്തെ സ്വാഗതം ചെയ്ത കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായതിനു പിന്നാലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കി വക്താവ് ജെ ആര്‍ പത്മകുമാര്‍ രംഗത്ത് വന്നു. സുരേന്ദ്രന്റെ നിലപാട് ശോഭാസുരേന്ദ്രനും തള്ളി.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണ്. അതിനു പാര്‍ട്ടിയുമായി ബന്ധമില്ല. പാര്‍ട്ടി പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ജെ ആര്‍ പത്മകുമാര്‍ വ്യക്തമാക്കി. സ്ത്രീപ്രവേശം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോര്‍ഡുമാണ്. സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടിവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ സുരന്ദ്രന്റെ നിലപാട് മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും തള്ളി. ശബരിമലയുടെ കാര്യത്തില്‍ തന്റെ പാര്‍ട്ടിയിലെ എന്നല്ല ഒരു പാര്‍ട്ടിയിലെയും രാ ഷ്ട്രീയനേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ശോഭ വ്യക്തമാക്കി.
പാര്‍ട്ടി നേതാക്കള്‍ എതിരഭിപ്രായം വ്യക്തമാക്കിയെങ്കിലും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേന്ദ്രന്‍. സ്ത്രീപ്രവേശത്തിലും ശബരിമലയിലെ പരിഷ്‌ക്കാരങ്ങളിലും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും സ്വീകരിച്ച നയങ്ങളെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിശിതമായി എതിര്‍ത്തിരുന്നു. സ്ത്രീപ്രവേശത്തില്‍ കുമ്മനം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനിടിയിലാണ് സ്ത്രീ പ്രവേശത്തെ അനുകൂലിച്ചും എല്ലാ ദിവസവും ദര്‍ശന സൗകര്യം ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് സമാനമായ വാദം ഉന്നയിച്ചും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതാണ് പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചത്.
ബ്രഹ്മചാരിയായതുകൊണ്ട് അയ്യപ്പന്‍ സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നായിരുന്നു പോസ്റ്റിലൂടെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ. അതു നടക്കുന്നതു കൊണ്ടു മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്റ്റുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ശക്തമായതോടെ പാര്‍ട്ടിയുടെ അന്തിമ നിലപാട് ഉടന്‍ പരസ്യപ്പെടുത്തുമെന്നാണ് അറിയുന്നത്.

Latest