പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ചാണ്ടി

Posted on: September 3, 2016 9:14 pm | Last updated: September 4, 2016 at 12:31 pm

OOMMEN CHANDYതിരുവനന്തപുരം: പൊതു പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനുമായി വിജിലന്‍സിനെ ഉപയോഗിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പകപോക്കല്‍ നടപടിയാണിതെന്നും തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഉമ്മന്‍ചാണ്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മുന്‍മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു സര്‍ക്കാറിന് ഭൂഷണമല്ല. കെഎം മാണിയും കെ. ബാബുവും ആരോപണങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മറുപടി നേരത്തേ നല്‍കിയതാണ്. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും ഇവരെ അപമാനിക്കാനും കുടുക്കാനും വീണ്ടും ശ്രമിക്കുന്നത് സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണം മാറിയെന്ന കരുതി ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ല. കേസ് നേരിടാന്‍ ബാബുവിന് നിയമപരമായ തുടര്‍ നടപടി നോക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.