പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവ നടനെതിരെ കേസ്‌

Posted on: September 1, 2016 11:53 am | Last updated: September 1, 2016 at 12:53 pm
SHARE

പാലക്കാട് : സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ യുവനടനെതിരെ ഒറ്റപ്പാലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ മാസം 27നാണ് സംഭവം.
പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കെ എല്‍ 08 ഇ 9054 നമ്പര്‍ കാറില്‍ ഡ്രൈവര്‍സീറ്റിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടികള്‍ ബഹളം വെക്കുകയും തുടര്‍ന്ന് യുവനടന്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോകുകയായിരുന്നു. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുക്കുകയായിരുന്നു. അതേസമയം ഒറ്റപ്പാലം പോലിസ് സ്റ്റേഷനിലെ പ്രദീപ് എന്ന് പേരുള്ള പൊലിസുകാരന്‍ പരാതിക്കാരായ പെണ്‍കുട്ടികളെ സന്ധ്യാസമയത്തിനുശേഷം മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. ഈ സമയത്ത് വനിതാ പോലീസിന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നില്ല.
സിനിമാനടന്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടാന്‍ നിന്നാല്‍ ഭാവി ഇല്ലാതാകുമെന്നും ഇയാള്‍ കുട്ടികളോടു പറഞ്ഞതായി കുട്ടികള്‍ പറയുന്നു. ഒറ്റപ്പാലം സബ്ഇന്‍സ്‌പെക്ടറുടെ നിലപാടുകളിലും പൊരുത്തക്കേടുകളുള്ളതായി രക്ഷിതാക്കളും കുട്ടികളും കുറ്റപ്പെടുത്തി. ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഓഫീസ് എന്നിവരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികളുടെ പരാതിയില്‍ പറയുന്ന കുറ്റകൃത്യംചെയ്തത് ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പാലക്കാട് പോലീസ് ചീഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒറ്റപ്പാലം സബ്കലക്ടര്‍ നൂഹിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ മേരിക്കുട്ടി അറിയിച്ചു. അതേസമയം കേസ് വഴിതിരിച്ചുവിടാനും യുവനടനുപകരം വേറെ ആളെവെച്ച് കേസ് ഇല്ലാതാക്കാനും അണിയറയില്‍ശ്രമം നടക്കുന്നതായും സൂചനയുണ്ട്. പരാതിക്കാരായ കുട്ടികളും രക്ഷിതാക്കളും ഇന്ന് ജില്ലാകലക്ടറെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.