Connect with us

National

രോഹിത് വെമുല കേസ്; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടുംബവുമായി കൂടിക്കാഴ്ച നടത്തും

ശനിയാഴ്ചയാണ് രേവന്ത് റെഡ്ഡി,അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവരുമായി കൂടിക്കാഴ്ച നടത്തുക.

Published

|

Last Updated

ഹൈദരാബാദ്|ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ കുടുംബുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ചയാണ് രേവന്ത് റെഡ്ഡി,അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവരുമായി കൂടിക്കാഴ്ച നടത്തുക. രോഹിത് വെമുലയുടെ മരണത്തില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്‌.

രോഹിത് വെമുല ദളിതനല്ലെന്ന പോലീസ് റിപ്പോര്‍ട്ട് തെലങ്കാന സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെ ഡിജിപി രവി ഗുപ്ത കേസ് പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുനരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കേസ് അവസാനിപ്പിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് അമ്മ രാധിക വെമുലയും സഹോദരന്‍ രാജ വെമുലയും രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പുനരന്വേഷണം പ്രഖ്യാപിച്ചത്. രോഹിത് വെമുല ദളിതനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രോഹിത് പട്ടികജാതി വിഭാഗക്കാരനല്ലെന്നും യഥാര്‍ഥ ജാതി സ്വത്വം തിരിച്ചറിയപ്പെടുമെന്നു ഭയന്നാണ് ജീവനൊടുക്കിയതെന്ന് അനുമാനിക്കുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് ആരോപിക്കുന്നു.

എബിവിപി നേതാവിനെ മര്‍ദിച്ചു എന്ന കുറ്റത്തിന് രോഹിത് വെമുല അടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ സമരം തുടരുന്നതിനിടെ 2016 ജനുവരി 17നാണ് രോഹിതിനെ യൂനിവേഴ്‌സിറ്റി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ യൂനിവേഴ്സിറ്റി കാമ്പസിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

 

 

 

 

Latest