ഭൂമി കൈയേറ്റക്കാരനായി ചിത്രീകരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍; പി വി അന്‍വര്‍ എം എല്‍ എ

Posted on: August 31, 2016 11:26 am | Last updated: August 31, 2016 at 11:26 am

P V ANWARനിലമ്പൂര്‍: ഭൂമി കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് പി വി അന്‍വര്‍ എം എല്‍ എ. അടിസ്ഥാന രഹിതമായ ആരോപണത്തിന് പിന്നില്‍ ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തുമാണെന്നും തനിക്കെതിരെ കള്ളക്കേസ് കെട്ടി ചമച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പി വി അന്‍വര്‍ എം എല്‍ എ നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനു മുന്നില്‍ നിരാഹരമിരിക്കുമെന്നും പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പിലുള്ള 20.64 ഏക്കര്‍ ഭൂമിക്ക് അവകാശപ്പെട്ടവര്‍ക്ക് കോടതി അനുവദിച്ച ആനുകൂല്യങ്ങള്‍ പോലും അനുഭവിക്കാന്‍ എതിര്‍ കക്ഷികള്‍ സമ്മതിക്കാതിരുന്ന സാഹചര്യത്തില്‍ അവരുടെ ആവശ്യപ്രകാരം സ്ഥലം എം എല്‍ എ എന്ന നിലയില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും എം എല്‍ എ പറഞ്ഞു.

എസ്‌റ്റേറ്റ് മാനേജറെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ അവകാശികള്‍ക്ക് താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെടുക മാത്രമായിരുന്നു. ഇതു സംബന്ധിച്ച് തന്നെ പ്രതി ചേര്‍ത്ത് പോലീസ് എഫ് ഐ ആര്‍ ഇട്ടത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നും തനിക്കെതിരെ കേസെടുക്കുന്നതിനു മുമ്പ് സംഭവത്തെക്കുറിച്ച് പോലീസ് തന്നോട് അന്വേഷിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടാണ് കേസെടുത്തതെങ്കില്‍ അറസ്റ്റ് ചെയ്യണം.

എം എല്‍ എ തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എസ്റ്റേറ്റിലെ മാനേജര്‍ പറയുന്നതിന്റെ വീഡിയോ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം എം എല്‍ എ മാനേജരെ ഭീഷണിപ്പെടുത്തിയും എസ്റ്റേറ്റ് കയ്യേറാന്‍ ശ്രമിക്കുന്നുവെന്നും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് എം എല്‍ എക്കെതിരെ കേസെടുത്തത്. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയിലെ വരുമാനം എതിര്‍കക്ഷികള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ തട്ടിയെടുത്തുവരുന്നതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അവയെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് തോട്ടത്തിലെ ഓഹരി ഉടമകളായ ശാന്ത പ്രഭാകരന്‍, സിനി ഗോകുലന്‍, മുരുകേഷ് പ്രഭാകരന്‍ എന്നിവര്‍ പറഞ്ഞു.