പ്രവാചകരുടെ സമാധാന സന്ദേശം വിശ്വാസികള്‍ പ്രചരിപ്പിക്കണം: മന്ത്രി ജലീല്‍

Posted on: August 31, 2016 12:44 am | Last updated: August 31, 2016 at 12:44 am

kt jaleelനെടുമ്പാശ്ശേരി: ലോക സമാധാനത്തിനും മാനുഷിക ഐക്യത്തിനും പ്രവാചകന്‍ നല്‍കിയ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള ദൗത്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്ന് ഹജ്ജിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന് ഏറ്റവും പ്രാമുഖ്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനവ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഹജ്ജ് പകര്‍ന്നുനല്‍കുന്നത്. ഭീകരതയും തീവ്രവാദവും തികച്ചും ഇസ്‌ലാമിക വിരുദ്ധമാണെന്നും അശാന്തിയും അക്രമങ്ങളും ഇല്ലാതാക്കാനാണ് ഇസ്‌ലാമിക ഭരണക്രമങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. വിവിധ വിശ്വാസ ധാരകള്‍ തമ്മിലുള്ള സാമ്യതകളെക്കുറിച്ച് പഠിക്കാനാണ് ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നത്. ഓരോ മനുഷ്യരും ദൈവത്തിന്റെ ഉത്കൃഷ്ട സൃഷ്ടികളാണെന്നും അതുകൊണ്ട് മനുഷ്യജീവന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. എല്‍ദോ എബ്രഹാം എം എല്‍ എ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞുമൗലവി, മുന്‍ എം എല്‍ എ. എ എം യൂസുഫ്, ശരീഫ് മണിയാട്ടുകുടി, എന്‍ മുഹമ്മദ് കുട്ടി സംസാരിച്ചു. കാരാട്ട് റസാഖ് എം എല്‍ എ, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍വഹാബ്, ഡയറക്ടര്‍മാരായ ഡോ. എ ബി അലിയാര്‍, കെ ടി അബ്ദുര്‍റഹ്മാന്‍, ഉസ്മാന്‍ ഹാജി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി ഹൈദ്രോസ് ഹാജി, ജില്ലാ ഉപാധ്യക്ഷന്‍ കെ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍ ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.