അല്‍ ഐന്‍ ഹീലി മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി

Posted on: August 30, 2016 3:43 pm | Last updated: August 30, 2016 at 3:46 pm
lulu
അല്‍ ഐന്‍ ഹീലി മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷം സുല്‍ത്താന്‍ ബിന്‍ റാശിദ് അല്‍ ദാഹിരി, എം എ യൂസുഫലി, എം എ അശ്‌റഫലി തുടങ്ങിയവര്‍

അല്‍ ഐന്‍:അല്‍ ഐനിലെ ഹീലി മാളില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. ഹീലി മാള്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ റാശിദ് അല്‍ ദാഹിരിയാണ് ലുലുവിന്റെ 128-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. ഹീലി മാള്‍ സി ഇ ഒ എന്‍ജി. സുല്‍ത്താന്‍ അല്‍ ദാഹിരി, ഗാനിം മുബാറക് അല്‍ ഹാജിരി, കേണല്‍ അലി അല്‍ ഹാശിമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, സി ഇ ഒ സൈഫി രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫ് അലി, ഡയറക്ടര്‍ എം എ സലീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അല്‍ ഐന്‍ ഹീലി മാളില്‍ 70,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഐ ടി, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭ്യമായിരിക്കും. പഴം-പച്ചക്കറികള്‍ക്കും മാംസങ്ങള്‍ക്കും കടല്‍ ഭക്ഷ്യവസ്തുക്കള്‍ക്കും പ്രത്യേക സൗകര്യമുണ്ട്. യു എ ഇയിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ലുലുവിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് അല്‍ ഐനിലേതെന്ന് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ആഗോളതലത്തില്‍ തന്നെ ചില്ലറ വില്‍പന മേഖലയില്‍ ലുലു ഗ്രൂപ്പ് സവിശേഷ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ ഹീലി മാളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മാളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ലുലുവിന് കഴിയുമെന്ന് യൂസുഫലി പറഞ്ഞു. മുന്‍നിര ബ്രാന്‍ഡായ ലുലുവുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹിലി മാള്‍ സി ഇ ഒ എന്‍ജി.സഈദ് സുല്‍ത്താന്‍ അല്‍ ദാഹിരി പറഞ്ഞു.