സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ചര്‍ച്ച പരാജയം

Posted on: August 29, 2016 11:48 pm | Last updated: August 30, 2016 at 10:56 am
SHARE

docterതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവും ഫീസും സംബന്ധിച്ച് സര്‍ക്കാറും മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ച വീണ്ടും അലസി. രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായം സാധ്യമാകാതെ വന്നതോടെ മുഖ്യമന്ത്രിയുമായി തുടര്‍ ചര്‍ച്ച നടത്താമെന്ന ധാരണയില്‍ പിരിഞ്ഞു. ഇന്നോ നാളെയോ മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തും. മെറിറ്റ് സീറ്റുകളിലെയടക്കം ഫീസ് വര്‍ധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഇന്നലെ രാവിലെ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഏകീകൃത ഫീസ് എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ മെഡിക്കല്‍ പ്രവേശനത്തിന് നാലുതരം ഫീസെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായാണ് വൈകുന്നേരം മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്കെത്തിയത്.
ഇതുപ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അമ്പത് ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുനല്‍കും. ഇതില്‍ ഇരുപത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന 25,000 രൂപ ഫീസില്‍ പഠിപ്പിക്കും. ശേഷിക്കുന്ന മുപ്പത് ശതമാനം സീറ്റില്‍ കഴിഞ്ഞ തവണത്തെ 1.85 ലക്ഷത്തില്‍നിന്ന് ഫീസ് അഞ്ച് ലക്ഷമാക്കണമെന്നായിരുന്നു ആവശ്യം. 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ലക്ഷവും പതിനഞ്ച് ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ പതിനഞ്ച് ലക്ഷം മുതല്‍ മുതല്‍ ഇരുപത് ലക്ഷം വരെയും ഫീസും മാനേജന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മെറിറ്റ് സീറ്റിലെ ഫീസ് കൂട്ടുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
അമ്പത് ശതമാനം മെറിറ്റ് സീറ്റില്‍ ഫീസിളവ് നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ബി പി എല്‍ ഉള്‍പ്പടെ മറ്റ് വിഭാഗങ്ങള്‍ക്കായി നീക്കിവച്ച ഇരുപത് ശതമാനം സീറ്റില്‍ 25,000 രൂപയും ശേഷിക്കുന്ന മുപ്പത് ശതമാനത്തില്‍ 1.85 ലക്ഷം രൂപയും ഫീസ് എന്ന രീതിയില്‍ മാറ്റംവരുത്താനാകില്ല. സബ്‌സിഡിക്ക് അര്‍ഹരായവരാണ് ഈ വിഭാഗത്തിലുള്ളവരും. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പത്ത് ശതമാനം വര്‍ധന വരുത്താമെന്നത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഫീസിളവ് ലഭിക്കുന്നവരില്‍ ഉയര്‍ന്ന വരുമാനക്കാരുണ്ടെന്ന് മാനേജ്‌മെന്റുകള്‍ വാദമുന്നയിക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന് ഫീസ് നിരക്കില്‍ മാറ്റംവരുത്താനാകില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഫീസ് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ നിലപാട്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോവുന്നതിലെ സാമ്പത്തിക ചെലവുകളാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് പോലും ലക്ഷങ്ങളാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. മെറിറ്റ് സീറ്റിലെ മധ്യവര്‍ഗമായ മുപ്പത് ശതമാനം പേര്‍ ഉയര്‍ന്ന വരുമാനമുള്ളവരാണെന്നും ഇവരുടെ ഫീസില്‍ വര്‍ധന വരുത്തണമെന്നും മാനേജ്‌മെന്റുകള്‍ വാദിച്ചു. ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
രാവിലെ നടന്ന ചര്‍ച്ചയില്‍ ഏകീകൃത ഫീസ് വേണമെന്ന ആവശ്യമാണ് മാനേജ്‌മെന്റുകള്‍ ഉന്നയിച്ചത്. ഇതില്‍ പത്ത് മുതല്‍ പതിനഞ്ച് ലക്ഷം വരെ ഫീസ് ഈടാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് ഫീസിളവ് നല്‍കുന്നതിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഏകീകൃത ഫീസ് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ സ്വാശ്രയ ദന്തല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഏകീകൃത ഫീസ് നടപ്പാക്കാന്‍ തീരുമാനിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് ഏകീകൃത ഫീസ് നടപ്പാക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയമല്ലെന്ന് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് ഉച്ചക്കു ശേഷം അസോസിയേഷന്‍ യോഗം ചേര്‍ന്നശേഷം പുതിയ ഫോര്‍മുലയുമായി മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്കെത്തിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും മാനേജ്‌മെന്റുകളുമായി ധാരണയായില്ലെങ്കില്‍ കോളജുകളുടെ വരവ് ചെലവ് കണക്കാക്കി ജയിംസ് കമ്മിറ്റിയെക്കൊണ്ട് ഫീസ് നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കും. പെട്ടെന്ന് ചര്‍ച്ചകള്‍ നടത്തി വേഗത്തില്‍ അലോട്ട്‌മെന്റ് നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ചര്‍ച്ചക്കുശേഷം ആരോഗ്യമന്ത്രി അറിയിച്ചു.
സ്വാശ്രയ ദന്തല്‍ മാനേജ്‌മെന്റ് അസോസിയേഷനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here