35,000 കോടി ഡോളര്‍ ആസ്തിയുമായി ഗള്‍ഫ് വളര്‍ച്ചാവഴിയിലെ പെണ്‍ മികവ്

Posted on: August 29, 2016 7:26 pm | Last updated: August 29, 2016 at 7:26 pm

ദോഹ: ഗള്‍ഫ് നാടുകളില്‍ സംരംഭകത്വ മേഖലയിലേക്കു വരുന്ന സ്തീകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തൊഴില്‍ രംഗത്തും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചു. സാമൂഹിക രംഗത്തും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തോടെ ഗല്‍ഫിലെ സ്ത്രീകളുടെ തൊഴില്‍ സാന്നിധ്യം 35 ശതമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ട് അറിയിക്കുന്നു.
മേഖലയിലെ സാമ്പത്തിക വികസന രംഗത്ത് നിര്‍ണായകമായ സ്ഥാനത്തേക്ക് സ്ത്രീകളുടെ സാന്നിധ്യം വളര്‍ന്നു വരികയാണെന്നും വനിതകളുടെ ഉയര്‍ച്ചക്കായി ജി സി സി സര്‍ക്കാറുകള്‍ പ്രത്യക ശ്രദ്ധയും പദ്ധതികളും ആവിഷ്‌കരിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ‘പുതിയ സമ്പദ് മേഖലയില്‍ ഗള്‍ഫ് വനിതാ സംരംഭകര്‍’ എന്ന തലക്കെട്ടിലുള്ള അല്‍ മസാഹ് കാപിറ്റല്‍ റിപ്പോര്‍ട്ടിലാണ് സംരംഭക രംഗത്ത് സ്ത്രീകളുടെ വളര്‍ച്ച സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ജി സി സി രാജ്യങ്ങളില്‍ 38,500 ഡോളറിന്റെ ആസ്തിയാണ് വനിതാ ചെറുകിട സംരഭക മേഖലയുടെതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
വിദ്യാഭ്യാസ രംഗത്തും വ്യാവസായിക സംരഭകത്വത്തിലും സ്ത്രീകള്‍ നേടിയെടുത്ത അറിവും പരിജ്ഞാനവുമാണ് വളര്‍ച്ചക്കു സഹായിക്കുന്നത്. സാംസ്‌കാരിക രംഗത്തും സ്ത്രീ സാന്നിധ്യം മാറ്റങ്ങള്‍ വരുത്തുകയാണ്. സര്‍ക്കാറുകള്‍ വരുത്തിയ നയം മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നത് കുറഞ്ഞു വന്നിട്ടുണ്ട്.
ഇതുവഴി തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം സൃഷ്ടിക്കപ്പെടുന്നു. സാങ്കേതികവിദ്യകളും വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണവും സ്ത്രീകളെ സ്വന്തം സംരംങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹനമാകുകയും ചെയ്യുന്നുണ്ട്.
2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വനിതാ വ്യവസായ സംരംഭകത്വത്തില്‍ നാലു മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയാണുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ നേരിട്ടും സ്വകാര്യ മേഖലയുമായി സഹകരിച്ചും വനിതാ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സംരംഭങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും സ്ത്രീകള്‍ ഇറങ്ങി വരാന്‍ ഇതു കാരണമാകുന്നു. സംരംഭക മേഖലയിലാണ് ഗള്‍ഫില്‍ സ്ത്രീ പുരുഷ വ്യത്യാസം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സ്ത്രീ സൗഹൃദ സംരംഭകത്വ പദ്ധതികള്‍ക്കും സര്‍ക്കാറുകള്‍ താത്പര്യമെടുക്കുന്നുണ്ട്. അറബ് മേഖലയിലെ സ്ത്രീ മികവ് സംബന്ധിച്ച് ഇതിനകം വന്ന പഠനങ്ങളിലും പട്ടികകളിലും ജി സി സി വനിതകള്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്.