Connect with us

Malappuram

പൊന്നാനിയില്‍ ബ്ലേഡ് മാഫിയ വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

Published

|

Last Updated

മലപ്പുറം: ബ്ലേഡ് മാഫിയ വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പൊന്നാനി ഈഴവത്തിരുത്തി പുന്നത്തിരുത്തി ചെറുകണ്ടശ്ശേരി വത്സരാജാണ് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയും ഗൂഢാലോചന നടത്തിയും വീടും സ്ഥലവും തട്ടിയെടുത്തതായി മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയത്.
ബേങ്കില്‍ പണയപ്പെടുത്തിയിരുന്ന 27സെന്റ് ഭൂമിയാണ് വ്യാജരേഖയുണ്ടാക്കി ബ്ലേഡ് മാഫിയ തട്ടിയെടുത്തിട്ടുള്ളത്. വത്സരാജന്‍ ചങ്ങരംകുളം സ്വദേശിയായ ബ്ലേഡ്കാരില്‍ നിന്നും 18 ലക്ഷം രൂപ ട്രാവല്‍സ് നടത്തിപ്പിന് വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പലിശ ഇനത്തില്‍ തന്നെ 25 ലക്ഷം രൂപ ബ്ലേഡുകാര്‍ വാങ്ങി. മുതല്‍ വേറെയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ പണം നല്‍കിയില്ലെന്ന് കാണിച്ചാണ് രണ്ടര കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമി തട്ടിയെടുത്തിരിക്കുന്നത്.
പോലിസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ ബ്ലേഡ് മാഫിയക്ക് അനുകൂലമായി നില്‍ക്കുകയാണെന്നും വത്സരാജന്‍ പറഞ്ഞു. എടപ്പാള്‍ മേഖലയില്‍ ബ്ലേഡ് മാഫിയ അതിക്രമം അതിരുകടന്നിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കേരള സ്‌റ്റേറ്റ് ആന്റി ബ്ലേഡ് ആക്ഷന്‍ ഫോറം പ്രസിഡന്റ് പി അബ്ദു, ബി എസ് പി ജില്ലാ പ്രസിഡന്റ് ടി അയ്യപ്പന്‍, ബാലന്‍ കണ്ണത്ത്, വത്സരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.