വിമാനത്തിലെ സെല്‍ഫിക്കെതിരെ നടപടി ശക്തമാക്കുന്നു

Posted on: August 27, 2016 12:06 am | Last updated: August 27, 2016 at 12:06 am
SHARE

selfeeന്യൂഡല്‍ഹി: വിമാനത്തിനകത്ത് സെല്‍ഫിയെടുക്കുന്നത് വന്‍ സുരക്ഷാ പ്രശ്‌നമായി ഉയര്‍ന്നു വരുന്നതിനിടെ ശക്തമായ നടപടിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കോക്പിറ്റിലും മറ്റും വിമാനജീവനക്കാരടക്കമുള്ളവര്‍ സെല്‍ഫിയെടുക്കുന്നത് വ്യാപകമാകുന്നുണ്ടെന്നും ഇത് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണെന്നും ഡി ജി സി എ ചൂണ്ടിക്കാട്ടി. സെല്‍ഫിയെടുക്കല്‍ നിരോധിക്കാനും നിരോധം കര്‍ശനമായി നടപ്പാക്കാനും വിമാനക്കമ്പനികള്‍ക്ക് ഡി ജി സി എ ഉടന്‍ രേഖാമൂലം നിര്‍ദേശം നല്‍കും. വിമാനത്തിനകത്തെ ഫോട്ടോയെടുക്കലിന് നിലവിലുള്ള നിയമം തന്നെ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ സെല്‍ഫികള്‍ വ്യാപകമായ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനാണ് ഡി ജി സി എയുടെ തീരുമാനം.
സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി യാത്രക്കാരും പൈലറ്റ് അടക്കമുള്ള വിമാന ജീവനക്കാരും വിമാനത്തിനകത്ത് സെല്‍ഫിയെടുക്കുന്നത് പതിവായിരിക്കുകയാണ്. നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. നടപ്പാകാത്തതാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്താഴ്ച തന്നെ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി സി എ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോക്പിറ്റില്‍ കുടുംബാംഗങ്ങള്‍ക്കൊത്ത് സെല്‍ഫിയെടുത്തതിന് ഇന്‍ഡിഗോ എയറിലെ ആറ് പൈലറ്റുമാര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. പറന്നു കൊണ്ടിരിക്കുന്ന വിമാനത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഫോട്ടോയെടുക്കുന്നത് 1937ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് അനുസരിച്ച് ശിക്ഷാര്‍ഹമാണ്. ഫോട്ടോയെക്കുന്നതിന് സിവില്‍ വ്യോമയാന വിഭാഗത്തിലെ ഡയറക്ടര്‍ ജനറല്‍, ജോയിന്റ് ഡയറക്ടര്‍ ജനറല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവരില്‍ ആരെങ്കിലും ഒരാളുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. സെല്‍ഫി ഭ്രമം വ്യാപകമായതോടെ, മിക്ക രാജ്യങ്ങളിലെയും വ്യോമയാന റെഗുലേറ്റര്‍മാര്‍ ചട്ടം കര്‍ക്കശമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here