സ്‌കോര്‍പീന്‍: നിര്‍ണായക വിവരം പുറത്തുവിടുമെന്ന് ഒസീസ് മാധ്യമം

Posted on: August 27, 2016 6:00 am | Last updated: August 26, 2016 at 11:42 pm

scorpene-1.jpg.image.784.410ന്യൂഡല്‍ഹി: നാവികസേനയുടെ തന്ത്രപ്രധാനമായ സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ സംബന്ധിച്ച കൂടുതല്‍ നിര്‍ണായക രേഖകള്‍ പുറത്തുവിടുമെന്ന വെല്ലുവിളിയുമായി ഓസീസ് മാധ്യമ പ്രവര്‍ത്തകന്‍ കാമറണ്‍ സ്റ്റെവാര്‍ട്ട്. ഇതുസംബന്ധിച്ച ഇന്ത്യന്‍ നാവിക സേനയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു വാര്‍ത്ത പുറത്തുവിട്ട ‘ദി ഓസ്‌ട്രേലിയന്‍’ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ കാമറണ്‍ സ്റ്റെവാര്‍ട്ട്. ചോര്‍ന്നത് അപ്രധാന രേഖകളാണെന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ പ്രാഥമിക റിപ്പോര്‍ട്ട്.
ചോര്‍ന്ന രഹസ്യങ്ങള്‍ ഗൗരവമില്ലാത്തതാണെന്നാണ് തോന്നുന്നതെങ്കില്‍ രേഖകള്‍ മുഴുവന്‍ തന്റെ പത്രം ഓണ്‍ലൈന്‍ വഴി പുറത്തുവിടുമെന്ന് സ്റ്റെവാര്‍ട്ട് വെല്ലുവിളിച്ചു. സംഭവത്തിലുണ്ടായ അപകടം നിയന്ത്രിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റെവാര്‍ട്ട് പറഞ്ഞു. ചോര്‍ന്ന രേഖകള്‍ പൂര്‍ണമായും പ്രതിരോധ മേഖലയിലെ വിദഗ്ധനൊപ്പം പരിശോധിച്ചതാണ്. ഇതില്‍ പറയുന്ന കാര്യങ്ങളൊന്നും പൊതുജനങ്ങള്‍ അറിയേണ്ട കാര്യമല്ല. രഹസ്യങ്ങള്‍ പുറത്തായത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാല്‍, ഇന്ത്യയും ഫ്രാന്‍സും കാര്യങ്ങളുടെ ഗൗരവം കുറക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകളെ സംബന്ധിച്ച ആദ്യഘട്ട രഹസ്യങ്ങള്‍ക്ക് ശേഷം കൂടുതല്‍ രേഖകള്‍ ‘ദി ഓസ്‌ട്രേലിയന്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുങ്ങിക്കപ്പലിന്റെ അഗ്നിശമന സംവിധാനം, ശബ്ദക്രമീകരണ സംവിധാനം എന്നിവ സംബന്ധിച്ച വിവരങ്ങളാണിത്. 22,400 പേജുള്ള രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പത്രം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ഇവയുടെ സ്വഭാവം സൂചിപ്പിക്കുന്ന ഏതാനും രേഖകള്‍ ആദ്യദിവസം പുറത്തുവിടുകയും ചെയ്തിരുന്നു.
തന്ത്രപ്രധാനവും സുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ കൈവശമുണ്ടെങ്കിലും പുറത്തുവിടുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തെ ഗൗരവം കുറച്ച് കാണാനുള്ള ഇന്ത്യ-ഫ്രാന്‍സ് അധികൃതരുടെ നിലപാടിനോടുള്ള പ്രതികരണമായാണ് ഇദ്ദേഹത്തിന്റെ വെല്ലുവിളി. കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ടാംഘട്ട രേഖകളുള്‍പ്പെടെ എവിടെ നിന്നാണ് ചോര്‍ന്നുകിട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് അടുത്ത റിപ്പോര്‍ട്ടില്‍ പറയുമെന്നാണ് സ്റ്റെവാര്‍ട്ട് മറുപടി പറഞ്ഞത്.