ആംബുലന്‍സില്ല: മൃതദേഹം ചവിട്ടിമുറിച്ച് ചാക്കില്‍കെട്ടി; ഒഡീഷയില്‍ നിന്ന് വീണ്ടും കരളലിയിക്കുന്ന ദൃശ്യങ്ങള്‍

Posted on: August 26, 2016 4:32 pm | Last updated: August 26, 2016 at 4:32 pm

odisha-woman-broken-body_650x400_41472187944ബാലസോര്‍: ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് തോളില്‍ ചുമന്ന് കൊണ്ടുപോയ യുവാവിന്റെ വാര്‍ത്തക്ക് പിന്നാലെ ഒഡീഷയില്‍ നിന്ന് കരളലിയിക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. ആംബുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം ചവിട്ടിമുറിച്ച് ചാക്കിലാക്കിയ ശേഷം മുളങ്കമ്പില്‍കെട്ടി കൊണ്ടുപോകുന്ന ആശുപത്രി ജീവനക്കാരുടെ ദൃശ്യമാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 76കാരിയായ സലാമാനി ബാരിക്കിന്റെ മൃതദേഹമാണ് കൈകാലുകള്‍ ചവിട്ടി ഒടിച്ച ശേഷം ചാക്കില്‍ കെട്ടി കൊണ്ടുപോയത്.

ബാലസോര്‍ ജില്ലയിലെ സോറോ നഗരത്തിലെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ചാണ് സലാമാനി മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഇവിടെ സംവിധാനമില്ലാത്തതിനാല്‍ 30 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടിയിരുന്നു. ആംബുലന്‍സിന് പകരം ട്രെയിനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചതോടെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്‌റ്റേഷനിലേക്ക് മൃതദേഹം എത്തിക്കാന്‍ റെയില്‍വേ പോലീസ് ഒരു തൂപ്പുകാരനെ എല്‍പ്പിക്കുകയായിരുന്നു. അപ്പോഴേക്കും വിറങ്ങലിച്ചുപോയ മൃതദേഹം ചാക്കില്‍കെട്ടാനുള്ള സൗകര്യത്തിനായാണ് ആശുപത്രി ജീവനക്കാരന്‍ മൃതദേഹത്തില്‍ കയറിനിന്ന് ചവിട്ടി എല്ലുകള്‍ മുറിച്ചത്. ശേഷം മുളങ്കമ്പില്‍ കെട്ടി രണ്ട് പേര്‍ താങ്ങി മൃതദേഹം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ റെയിവേ പോലീസിനോടും ബാലസോര്‍ ജില്ലാ ഭരണകൂടത്തോടും ഒഡീഷ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ഒഡീഷയിലെ പല ഗ്രാഗങ്ങളിലും ആംബുലന്‍സ് സൗകര്യം വിരളമാണ്.