പണത്തിലെ കള്ളനെ പിടിക്കാന്‍

Posted on: August 26, 2016 6:00 am | Last updated: August 26, 2016 at 12:03 am

SIRAJകള്ളപ്പണം തടയാനുള്ള നടപടികളുടെ ഭാഗമായി മൂന്ന് ലക്ഷമോ അതില്‍ കൂടുതലോ പണമായി കൈമാറ്റം ചെയ്യുന്നത് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വ്യക്തികളും വ്യവസായ സ്ഥാപനങ്ങളും പണമായി സൂക്ഷിക്കുന്ന തുക 15 ലക്ഷത്തില്‍ പരിമിതപ്പെടുത്താനും നോക്കുന്നുണ്ടെന്ന് സി ഡി ബി ടി അധ്യക്ഷ റാണി സിംഗ് നായര്‍ വ്യക്തമാക്കി. കള്ളപ്പണം വിഷയത്തില്‍ ജസ്റ്റിസ് എം ബി ഷാ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കേന്ദ്ര നീക്കം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവ വഴിയുള്ള ഇടപാടുകള്‍ അധികൃതര്‍ക്ക് താരതമ്യേന എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയും. എന്നാല്‍ പണം കൈമാറ്റത്തിലൂടെ മറിയുന്ന സംഖ്യകള്‍ നിയമവ്യവസ്ഥയുടെ കണ്ണ് വെട്ടിക്കുന്നു. ഇതിനൊരു പ്രതിവിധിയായാണ് പുതിയ ചുവട്.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ദുഷിപ്പുകളിലൊന്നാണ് കള്ളപ്പണം. ഈ നാടിനും ഇവിടുത്തെ ജനതക്കും അവകാശപ്പെട്ട ധനം വിദേശ ബേങ്കുകളില്‍ നിക്ഷേപമായി കുമിഞ്ഞുകൂടുന്നു. കള്ളപ്പണം വിദേശത്തേക്ക് കടത്തുന്നതില്‍ ഇന്ത്യക്ക് നാലാം സ്ഥാനമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിവര്‍ഷം ശരാശരി 5100 കോടി ഡോളറാണത്രേ ഒളിച്ചുകടത്തുന്നത്. ശതകോടികള്‍ കടത്തിക്കൊണ്ടു പോകുന്ന പ്രക്രിയ ഇന്നും അനവരതം തുടരുകയാണ്. ദുരുപയോഗങ്ങള്‍ക്കായി അത് വളഞ്ഞ വഴിയിലൂടെ തിരിച്ചെത്തുന്നുമുണ്ട്.
കള്ളപ്പണത്തെ നിയന്ത്രിക്കാന്‍ പല കര്‍ക്കശ നടപടികളും സര്‍ക്കാറുകള്‍ നടപ്പാക്കിയിട്ടുണ്ട്. പണം ഒളിപ്പിച്ച രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, സംയുക്ത പ്രഖ്യാപനങ്ങള്‍, അവലോകനങ്ങള്‍, നിയമം പാസാക്കല്‍, പ്രത്യേക അന്വേഷണ സംഘങ്ങള്‍, നിയമനടപടികള്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിതാന്തമായ ഇടപെടലുകള്‍, ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കല്‍, വരുമാനം വെളിപ്പെടുത്തല്‍ അങ്ങനെ നീളുന്നു നടപടികള്‍. ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും നികുതി വലയില്‍ നിന്നു വിദഗ്ധമായി കുതറിയുണ്ടാക്കുന്ന പണം രഹസ്യ ആസ്തികളുടെ ഭാഗമായിത്തീരുന്നു.
‘നിയന്ത്രിക്കാ’നാണ് വിപാടനം ചെയ്യാനല്ല നാം ശ്രമിക്കുന്നത്. ഈ വാക്കില്‍ തന്നെ ഒരു തോറ്റു കൊടുക്കലും സന്ധിയുമുണ്ടല്ലോ. ‘കര്‍ക്കശ’ നടപടികള്‍ പറച്ചിലില്‍ മാത്രം പര്യവസാനിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ഇടറിവീഴുന്നു. ഭരണകൂടത്തിന്റെ സഹജമായ ഉദാസീനത എന്നതിനപ്പുറം ഒത്തുകളിയാണ് നടക്കുന്നത്.
കള്ളപ്പണക്കാര്‍ക്ക് മുമ്പില്‍ ഭരണനേതൃത്വം പരുങ്ങുന്നോ എന്ന് തോന്നലുണ്ടാക്കുന്ന പല നടപടികളും ഉണ്ടായിട്ടുണ്ട്. സുപ്രിം കോടതിക്ക് തന്നെ കേന്ദ്ര സര്‍ക്കാറിനെ ശാസിക്കേണ്ടിവരുന്നു. കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഒത്താശകളും കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്താകാതിരിക്കാന്‍ കാണിക്കുന്ന സൂക്ഷ്മതയും നമ്മള്‍ കാണുന്നു. മുദ്ര വെച്ച കവറില്‍ പുറത്തുവിടരുതെന്ന അഭ്യര്‍ഥനയോടെയാണല്ലോ യു പി എ സര്‍ക്കാര്‍ ഇത്തരം ചില പേരുകള്‍ സുപ്രീം കോടതിക്ക് കൈമാറിയത്. വിജയ് മല്യയോടും ലളിത് മോദിയോടും എന്തൊരു അനുതാപമായ സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്?
കറുത്ത പണത്തിനെതിരെ നടപടി എന്ന പ്രതീതിയെങ്കിലുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന സാഹചര്യം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നിലുണ്ട്. കള്ളപ്പണം പിടിക്കാന്‍ പ്രത്യക സേന രൂപവത്കരിക്കുമെന്നും വിദേശത്തെ കള്ളപ്പണം കൊണ്ടുവന്ന് ഇവിടുത്തെ പാവങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമൊക്കെ വാഗ്ദാനം ചെയ്തവരാണ് രാജ്യം ഭരിക്കുന്നത്. കള്ളപ്പണവും അഴിമതിയും വലിയ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താനും ബി ജെ പിക്ക് കഴിഞ്ഞിരുന്നു. എന്നല്ല, കള്ളപ്പണം എന്നും കോണ്‍ഗ്രസിനെ പ്രഹരിക്കാനുള്ള ആയുധമായിരുന്നു പാര്‍ട്ടിക്ക്. ഇങ്ങനെയൊക്കെയായിട്ടും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താനോ മൂര്‍ത്തമായ നടപടിയുമായി നീങ്ങാനോ സര്‍ക്കാറിനായിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശമാണ് ബി ജെ പിയുടെ മുന്‍ എം പിയും മുതിര്‍ന്ന അഭിഭാഷകനുമായ രാംജെത്മലാനി നടത്തിയത്.
കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പി ചിദംബരത്തെയും അരുണ്‍ ജെയ്റ്റ്‌ലിയെയുമാണ് എന്ന് ജത്മലാനി മുമ്പൊരിക്കല്‍ പറഞ്ഞത് അല്‍പ്പം കടന്നുപോയെന്ന് തോന്നാമെങ്കിലും രാഷ്ട്രീയ നേതൃത്വത്തെ അടുത്തു നിന്ന് അനുഭവിച്ച ഒരാള്‍ എന്ന നിലയില്‍ ആ വാക്കുകള്‍ക്ക് ഏറെ അര്‍ഥതലങ്ങളുണ്ട്. അനധികൃത പണത്തിന്റെ സംരക്ഷകരും ഗുണഭോക്താക്കളുമായി രാഷ്ട്രീയ നേതൃത്വം തരംകെട്ടുപോകുന്നുണ്ടെന്ന് തന്നെയാണ് കരുതേണ്ടത്. രാഷ്ട്രീയ – കള്ളപ്പണ കൂട്ടുകെട്ടിന്റെ മുരട് മാന്തുമ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്ന കറുത്ത പണത്തിലെത്തുന്നുണ്ടല്ലോ. ആ സമയത്ത് കള്ളപ്പണക്കാര്‍ പണമെറിയുന്നു. അധികാരമേറിയ ശേഷം ഉപകാരസ്മരണകള്‍ വീടുന്നു. ഇത്തരം അസംബന്ധ സൗഹൃദങ്ങള്‍ അവസാനിച്ചാല്‍ തന്നെ പ്രശ്‌നം വലിയ നിലയില്‍ പരിഹരിക്കപ്പെടും. ഏഴകളുടെ ദൈന്യത കൂടുതല്‍ നിസ്സഹായമാക്കുന്ന സാമ്പത്തിക നയങ്ങളില്‍ നിന്ന് കള്ളപ്പണക്കാരെയും കുത്തകകളെയും വരുതിയില്‍ നിര്‍ത്തുന്ന ധീരതയിലേക്ക് ഉയരാന്‍ ഈ നാടിന് കഴിയേണ്ടതുണ്ട്. സാധാരണക്കാരും ചെറുമീനുകളും മാത്രമല്ല, വലിയവരും നിയമത്തിന്റെ വരുതിയില്‍ വരട്ടെ. അതിന് പുതിയ നീക്കം സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. അതിന് നിയമത്തേക്കാള്‍ പ്രധാനം ഇച്ഛാശക്തിയും ആത്മാര്‍ഥതയുമാണ് താനും.